നന്ദസേന ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി അദ്ദേഹം ഇന്ന് അധികാരമേല്‍ക്കും

കൊളംബോ: മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനുമായ നന്ദസേന ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി ഇന്ന് അധികാരമേല്‍ക്കും. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി) സജിത് പ്രേമദാസയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എസ്.എല്‍.പി.പി സ്ഥാനാര്‍ത്ഥിയായ ഗോതാബയ അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്.

പരാജയത്തെ തുടര്‍ന്ന് പ്രേമദാസ യു.എന്‍.പിയുടെ ഉപ നേതൃസ്ഥാനവും രാജിവച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അനുര കുമാര ദിസനായകെയാണ് മൂന്നാംസ്ഥാനത്തായിരുന്നത്. ശ്രീലങ്കയിലെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ ഗോതാബയയും തമിഴ് മേഖലകളില്‍ പ്രേമദാസയുമാണ് തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്നത്. കുടുംബ വാഴ്ച പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഗോതാബയ പറയുന്നതെങ്കിലും സഹോദരന്‍ മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിക്കാനാണ് സാദ്ധ്യത.

മഹിന്ദ പ്രധാനമന്ത്രിയായാല്‍ അദ്ദേഹമായിരിക്കും പിന്‍ സീറ്റില്‍ നിന്ന് ഭരണം നിയന്ത്രിക്കുന്നത്. പുലികള്‍ക്കെതിരെ ഹീനമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടത്തിയതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വില കല്പിക്കാത്ത ആളാണെന്ന ദുഷ്‌പേരും ഉണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചെന്നാണ് ഗോതാബയ പറയുന്നത്. അദ്ദേഹത്തിന് ഇപ്പോഴും അമേരിക്കന്‍ പൗരത്വവും അമേരിക്കന്‍ പാസ്പോര്‍ട്ടും ഉണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

Comments are closed.