ഉമ്മുല്‍ഖുവൈനില്‍ തീപിടുത്തത്തില്‍ 170 പേരെ ഒഴിപ്പിച്ചു

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ അല്‍ ഹംറയിലെ ജനവാസ മേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 170 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഒരു വീട്ടില്‍ തീപിടിച്ചെന്ന വിവരം രാത്രി 8.15ഓടെ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയും തുടര്‍ന്ന് അഗ്‌നിശമന സേനയ്‌ക്കൊപ്പം പൊലീസ് പട്രോള്‍ സംഘങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സലീം ഹമദ് ബിന്‍ ഹംദ അറിയിച്ചു. പ്രദേശത്തുനിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ താല്‍കാലിക താമസ സൗകര്യം ഒരുക്കുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുന്നത് വരെ ഇവര്‍ ഇവിടെ തുടരുകയുമാണ്.

നിരവധി അനധികൃത നിര്‍മാണങ്ങളുണ്ടായിരുന്ന പ്രദേശത്ത് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് ഡോ. സലീം ഹമദ് ബിന്‍ ഹംദ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments are closed.