ഹ്യുണ്ടായി തങ്ങളുടെ എക്‌സെന്റിന്റെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തിക്കുന്നു

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ കോംപാക്ട് സെഡാനായ എക്സെന്റിന്റെ സിഎൻജി പതിപ്പ് വിപണിയിലെത്തിക്കും. ഫാക്ടറിയിൽ ഘടിപ്പിച്ച സി‌എൻ‌ജി മോഡലിന്റെ ഉടൻ പുറത്തിറക്കുമെന്ന് സൂചന നൽകുന്ന രേഖകൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചിട്ടുണ്ട്. നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമാണ് ഹ്യുണ്ടായി എക്സെന്റ് വിപണിയിലെത്തുന്നത്.

പുതിയ എക്സെന്റ് സി‌എൻ‌ജി പതിപ്പ് എസ് വകഭേദത്തിൽ മാത്രമാകും ലഭ്യമാവുക. മാത്രമല്ല ഇത് സ്വകാര്യ ഉടമകൾക്കും രാജ്യത്തെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സ്വന്തമാക്കാനാകും. ബിഎസ്-IV കംപ്ലയിന്റ് 1.2 ലിറ്റർ കാപ്പ എഞ്ചിനാണ് എക്സെന്റ് സിഎൻജിയിലും അണിനിരക്കുക. ഹ്യുണ്ടായി ബിഎസ്-IV പെട്രോൾ എഞ്ചിനൊപ്പം എക്സെന്റ് സി‌എൻ‌ജി വിപണിയിലെത്തും.

ബിഎസ്-IV പെട്രോൾ 1.2 ലിറ്റർ എഞ്ചിൻ 6000 rpm-ൽ 81 bhp കരുത്താണ് നൽകുന്നത്. എന്നാൽ സി‌എൻ‌ജിക്കൊപ്പം 5600 rpm-ൽ 66 bhp പവർ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സി‌എൻ‌ജി എഞ്ചിൻ‌ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

എസ് വകഭേദത്തിലെത്തുന്ന ഹ്യുണ്ടായി എസെന്റ് സി‌എൻ‌ജിയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടിൽറ്റ് സ്റ്റിയറിംഗ്, റിയർ എസി വെന്റുകൾ, യുഎസ്ബി ഉള്ള 2 DN ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ്‌ കൺട്രോളുകൾ എന്നീ സമാനമായ സവിശേഷതകൾ കാണും.

അതോടൊപ്പം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സെൻട്രൽ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, പാസഞ്ചർ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, സ്പീഡ് അലേർട്ട് എന്നിവയും ഇതിൽ വാഗ്ദാനം ചെയ്യും. എബി‌എസും ഇബിഡിയും സ്റ്റാൻ‌ഡേർഡായി വാഗ്ദാനം ചെയ്യും.

പുതിയ ഹ്യുണ്ടായി എസെന്റ് സി‌എൻ‌ജി വരും ദിവസങ്ങളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എക്സെന്റ് എസ് പെട്രോൾ വകഭേദത്തിന് 6.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഇതിന്റെ സി‌എൻ‌ജി പതിപ്പിന് 6.8 മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വില. അവതരിപ്പിച്ചു കഴിഞ്ഞാൽ എക്സെന്റ്, സി‌എൻ‌ജി വിഭാഗത്തിൽ മാരുതി ഡിസയർ, ടാറ്റ സെസ്റ്റ് എന്നിവയുമായി വിപണിയിൽ മത്സരിക്കും.

ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള പുതിയ തലമുറ എക്സെന്റ് കോംപാക്ട് സെഡാനും കമ്പനി വിപണിയിലെത്തിക്കും. ഓറ എന്നാണ് പുതിയ തലമുറ വാഹനത്തിന് ഹ്യുണ്ടായി നൽകിയിരിക്കുന്ന പേര്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഇത് വെളിപ്പെടുത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന.

രൂപകൽപ്പനയുടെ കാര്യത്തിൽ ഓറ ഹ്യുണ്ടായിയുടെ സെഡാൻ മോഡലുകളിൽ നിന്ന് ചില സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുമെങ്കിലും നിലവിലെ തലുമറ എക്സെന്റിനേക്കാൾ കൂടുതൽ പ്രീമിയം ഓഫറായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന എക്സെന്റ് ഓറ സെഡാൻ.

Comments are closed.