ഫാത്തിമയുടെ ദുരൂഹ മരണം : ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഫാത്തിമയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി ഡീന്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പുറത്തു നിന്നുള്ളവര്‍ അടക്കമുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണമെന്നും എല്ലാ വിഭാഗത്തിലും പ്രശ്ന പരിഹാര സെല്‍ രൂപീകരിക്കണമെന്നും ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം പരിഗണിക്കാം എന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിരാഹാര സമരം പിന്‍വലിച്ചത്.

അതേസമയം കേസില്‍ ഫാത്തിമയുടെ സഹപാഠികളെ വീണ്ടും ചോദ്യം ചെയ്യും. കമ്മീഷണര്‍ ഓഫീസിലേക്ക വിളിച്ചു വരുത്തി വിശദമായി മൊഴി രേഖപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിയായതിനാല്‍ പല വിദ്യാര്‍ത്ഥികളും വീട്ടിലാണ്. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സമരത്തിനിറങ്ങി. എന്നാല്‍ ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യം തന്റെ പരിധിയില്‍ പെട്ടതല്ലെന്നും ഡയറക്ടര്‍ തിരിച്ചു വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര അന്വേഷണം സംബന്ധിച്ച തീരുമാനം ചര്‍ച്ച ചെയ്യാമെന്നുമാണ് ഐഐടി ഡീന്‍ അറിയിച്ചത്.

Comments are closed.