ഓൺ-ഡിമാൻഡ് മൂവി സ്ട്രീമിംഗ്, റെൻറൽ സർവീസായ മുബി ഇന്ത്യയിലെത്തി

ഓൺ-ഡിമാൻഡ് മൂവി സ്ട്രീമിംഗ്, റെൻറൽ സർവീസായ മുബി ഇന്ത്യയിലെത്തി. സ്ട്രീമിംഗ് സേവന രംഗത്തെ മറ്റ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി +, ഡിസ്നിയുടെ ഹോട്ട്സ്റ്റാർ എന്നിവ പോലെ, മുബിയും വിദേശ വിനോദ വിപണിയിൽ കുറഞ്ഞ നിരക്കിലാണ് സ്ട്രീമിങ് സേവനങ്ങൾ നൽകുന്നത്.

12 വർഷമായി സ്ട്രീമിങ് സേവന രംഗത്തുള്ള മുബിയുടെ കടന്നുവരവ് ഇന്ത്യൻ വീഡിയോ സ്ട്രീമിങ് സേവന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബി ഇന്ത്യയിൽ 199 രൂപയ്ക്ക് (2.8 ഡോളർ) ആദ്യ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം പ്രതിമാസം 7 ഡോളർ അല്ലെങ്കിൽ പ്രതിവർഷം 67 ഡോളർ നിരക്കായിരിക്കും ഈടാക്കുക.

ഇത് യു‌കെയിലെ സബ്‌സ്‌ക്രൈബർമാരിൽ നിന്ന് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായി ഈടാക്കുന്നത് 9.99 പൌണ്ടും, യുഎസിൽ ഈടാക്കുന്നത് 10.99 ഡോളറുമാണ്. ഈ തുകയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിലെ നിരക്ക് വളരെ കുറവാണ്.

വീഡിയോ സ്ട്രീമിങ് സേവന രംഗത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന മുബി പിന്നീട് നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഒരു നിര തന്നെ ഉപയോക്താക്കളിൽ എത്തിച്ചുകൊണ്ട് വീഡിയോ സ്ട്രീമിങ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറി. മറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുബിയുടെ കാറ്റലോഗ് ചെറുതാണ്.

ഒരു സമയം ഈ സേവനം അടുത്തകാലത്തിറങ്ങിയതും വിൻറേജുമായ 30 സിനിമകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. എല്ലാ ദിവസവും ഒരു പുതിയ ടൈറ്റിൽ ഈ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടും. പിറ്റേന്ന് അത് പോയി മറ്റൊന്നായിരിക്കും വരിക. ഒരു സിനിമയും 30 ദിവസത്തിൽ കൂടുതൽ പ്ലാറ്റ്ഫോമിൽ ഉണ്ടാകില്ല എന്നതും മറ്റൊരു സവിശേഷതയാണ്.

2007 ൽ സ്ഥാപിതമായ മുബി നെറ്റ്ഫ്ലിക്സ് പോലെ തന്നെ ആകണമെന്ന ആഗ്രഹത്തോടെയാണ് ആരംഭിച്ചത്. ഉപയോക്താക്കൾക്ക് ആയിരക്കണക്കിന് ടൈറ്റിലുകളും അവയ്ക്ക് കീഴിൽ അനവധി കണ്ടൻറുകളും നൽകണമെന്ന ധാരണയിൽ ആരംഭിച്ച കമ്പനി സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് അതിൻറെ തനത് രൂപത്തിലേക്ക് ഒതുങ്ങിയത്. പക്ഷേ അത് തന്നെ സേവനത്തിൻറെ സവിശേഷതയായി മാറുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.

ഇന്ത്യയിൽ മുബി ഒരു ഡെഡിക്കേറ്റഡ് ചാനൽ കൂടി അഡീഷണലായി ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു സേവനം വരുന്നത്. പ്രാദേശിക ചിത്രങ്ങൾ കാണാൻ കഴിയുന്നൊരു സംവിധാനമാണ് ഇത്. ഇത് കൂടാതെ ഇൻറർനാഷണൽ കണ്ടൻറുകൾ കാണാനും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവസരം ഉണ്ട്.

ഇത് കൂടാതെ മറ്റ് സ്ട്രീമിങ് സേവനങ്ങളിലൊന്നും കാണാത്ത റെൻറൽ സർവ്വീസ് കൂടി മുബിയിലുണ്ട്. ഇത് സിനിമകളുടെ വലിയൊരു കളക്ഷനിൽ നിന്ന് 3.5 ഡോളറിന് ആവശ്യമുള്ള കണ്ടൻറുകൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു.

എല്ലാ ദിവസവും ഇന്ത്യ വിഭാഗത്തിൽ ടൈറ്റിലുകൾ ലഭ്യമാക്കുന്നതിനായി പ്രാദേശിക വിതരണക്കാരായ ഫിലിം കാരവൻ, എൻ‌എഫ്‌ഡി‌സി, പി‌വി‌ആർ പിക്ചേഴ്സ്, ഷെമറൂ, അൾട്ര എന്നിവയുമായി കമ്പനി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.

കമൽ സ്വരൂപിന്റെ കൾട്ട് ഫിലിം ഓം ദാർ-ബി-ദാർ, ഈ വർഷം ക്ലർമോണ്ട്-ഫെറാണ്ട് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച കാനു ബെഹ്ലിന്റെ ബിന്നു കാ സപ്ന, മണി കൗളിന്റെ പ്രേത ചിത്രമായ ദുവിധ എന്നിവയെല്ലാം കമ്പനി തങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

Comments are closed.