ഇസ്ളാം തീവ്രവാദികള്‍ എന്നു പറഞ്ഞാല്‍ അത് മുസ്ളീം സമുദായത്തെ മുഴുവനുമല്ല പി മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ളാമിക തീവ്രവാദികളെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പി മോഹനന്‍ രംഗത്തെത്തി. വിമര്‍ശിച്ചത് ഇസ്ളാം തീവ്രവാദികളെയാണെന്നും ഇത് തന്റെ വ്യക്തിപരമായ നിലപാട് അല്ലെന്നും പാര്‍ട്ടിയുടേതാണെന്നും ഇസ്ളാം തീവ്രവാദികള്‍ എന്നു പറഞ്ഞാല്‍ അത് മുസ്ളീം സമുദായത്തെ മുഴുവനുമല്ല.

എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലെ ചില പ്രത്യേക അജണ്ഡകള്‍ വെയ്ക്കുന്നവരെയാണ്. ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എന്നു പറഞ്ഞാല്‍ അത് ഹിന്ദുക്കളെ മുഴുവനുമല്ല. മുമ്പ് മാവേയിസ്റ്റുകളായിരുന്നവര്‍ ഇപ്പോള്‍ തീവ്രവാദ സംഘടനകളുടെ നേതാക്കളാണ്.

എന്നാല്‍ പന്തീരാങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അലനും ഇസ്ളാമിക തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല എന്നും എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലെയുള്ള സംഘടനകളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മോഹനന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ സമഗ്രഅന്വേഷണം ആവശ്യമാണെന്ന് മോഹനന്റെ പ്രസ്താവന സ്വാഗതം ചെയത് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.

മോഹനന്റെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും മുസ്ലിം ലീഗും സംസ്‌കാരികപ്രവര്‍ത്തകരും രംഗത്തെത്തി. പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് കുമ്മനത്തിന് അടിക്കാനുള്ള വടി കൊടുത്തതല്ല. കോഴിക്കോട്ടെ യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.

ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. സിപിഎമ്മിനോടുള്ള നിലപാടില്‍ ബിജെപിയ്ക്കും എന്‍ഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം ഒരേ നിലപാടാണ്. താന്‍ ഉന്നയിച്ച കാര്യത്തില്‍ ആദ്യം അന്വേഷണം നടക്കട്ടെയെന്നും പറഞ്ഞു.

”കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവുംനല്‍കി വളര്‍ത്തുന്നത്. പരസ്പര സഹകരണത്താടെയാണ് ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നത്. പോലീസ് ഇക്കാര്യം പരിശോധിക്കണം. ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവേയിസ്റ്റുകളുടെ ശക്തി. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണ്.”

Comments are closed.