സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമായിരുന്നെന്ന് സാക്ഷി ഡോ. വി. കന്തസ്വാമി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. സി.ബി.ഐ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഫോറന്‍സിക് വിദഗ്ദ്ധനായ കന്തസ്വാമിയുടെ നിയമോപദേശം തേടിയതിനെത്തുടര്‍ന്ന് അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്.ഐ.ആര്‍, ഇന്‍ക്വസ്റ്റ് എന്നിവ വിശദമായി പരിശോധിച്ച ശേഷം കന്തസ്വാമി അഭയയുടേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും സി.ബി.ഐക്ക് നിയമോപദേശം നല്‍കുകയും അഭയയുടെ നെറുകയില്‍ കൈക്കോടാലിയോ അതുപോലുളള മറ്റ് ആയുധമോ കൊണ്ട് ശക്തമായി അടിച്ചതുമൂലമുണ്ടായ കഠിന ക്ഷതമാണ് മരണകാരണമായതെന്നും കേസിലെ നിര്‍ണായക സാക്ഷിയും ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. വി. കന്തസ്വാമി പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴിനല്‍കി.

അതേസമയം ആത്മഹത്യാ ശ്രമത്തിന്റെ ഒരു ലക്ഷണവും മൃതദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും മൊഴി നല്‍കി. കിണറ്റില്‍ വീണാണ് മരിച്ചതെങ്കില്‍ അസാധാരണമായ അളവില്‍ വെള്ളം വയറ്റില്‍ ഉണ്ടാകുമായിരുന്നു. അഭയയുടെ വയറ്റില്‍ 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, വെള്ളത്തില്‍ മുങ്ങിയാണ് മരണമെങ്കില്‍ ഇരു കൈകളിലും കിണറ്റിലെ പായലോ ചെളിയോ മറ്റ് വസ്തുക്കളോ പറ്രിപ്പിടിച്ച് കാണുമായിരുന്നു. ഈ ലക്ഷണങ്ങള്‍ ഒന്നും അഭയയുടെ മൃതദേഹത്തില്‍ കണ്ടെത്താനായില്ലെന്നും കന്തസ്വാമി പറഞ്ഞു.

Comments are closed.