പ്രിയങ്കാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌ക്കരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌ക്കരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതിന്റെ അതൃപ്തിയാണ് കാരണമെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ഇല്ലെന്നും സ്വേച്ഛ്വാധിപത്യ രീതിയാണെന്നും സോണിയാഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സി മാര്‍ 2017 വിധാന്‍ സഭ, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ എന്നിവരെയെല്ലാമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ചത്. പ്രിയങ്കാഗാന്ധി യുപിയിലെ കോണ്‍ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 350 ക്ഷണിതാക്കളില്‍ എത്തിയത് 40 പേരായിരുന്നു.

ഒക്ടോബറില്‍ സോണിയയ്ക്ക് രാജി സമര്‍പ്പിച്ച സിറാജ് മെഹന്ദിയുടെ വീട്ടിലാണ് നവംബര്‍ ആദ്യ ആഴ്ച കോണ്‍ഗ്രസിന്റെ യോഗം നടന്നത്. രണ്ടാമത്തെ മീറ്റിംഗ് നവംബര്‍ 14 ന് ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണത്തിനും വേണ്ടിയും ചേര്‍ന്നിരുന്നു. മുന്‍ എംഎല്‍എ യായ രഞ്ജന്‍ സിംഗ് സോളങ്കിയുടെ നോയ്ഡയിലെ വീട്ടിലാണ് മൂന്നാം യോഗം. ഈ യോഗത്തില്‍ സോണിയ പങ്കെടുക്കുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ്.

Comments are closed.