ടാറ്റ മോട്ടോര്‍സിന്റെ ആള്‍ട്രോസിനെ 2020 ജനുവരിയില്‍ അവതരിപ്പിക്കും

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനെ 2020 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2020 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടാണ് ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചത്. 2018 ഓട്ടോ എക്സ്പോയിൽ 45X കൺസെപ്റ്റായി അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്.

അവതരണത്തിന് മുന്നോടിയായി വാഹനത്തിനെ നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ കമ്പനി പരീക്ഷണം നടത്തിയിരുന്നു. ദീപാവലി സമയത്ത് ആൾട്രോസിനെ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാഹനത്തിന്റെ അവതരണം ടാറ്റ മോട്ടോർസ് നീട്ടിവെയ്ക്കുകയായിരുന്നു.

എങ്കിലും ഡിസംബറിൽ വാഹനത്തെ അവതരിപ്പിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പുതിയ വീഡിയോ പുറത്തുവന്നതോടെ വാഹനത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇതോടെ അവസാനമായി.

ടാറ്റയുടെ ആന്തരിക തന്ത്രത്തിലെ മാറ്റം മൂലമാണ് ആൽ‌ട്രോസിന്റെ അവതരണത്തിൽ കാലതാമസ ഉണ്ടായത്. നേരത്തെ, ബി‌എസ്-IV എഞ്ചിനുകൾക്കൊപ്പം ഹാച്ച്ബാക്കിനെ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ നവീകരിച്ച ബിഎസ്-VI എഞ്ചിനുകൾ ഉൾപ്പെടുത്തി വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ സമയപരിധിക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയുമായെത്താൻ ടാറ്റ മോട്ടോർസ് തയ്യാറാകുന്നത്. ബി‌എസ്-IV യൂണിറ്റുമായി അവതരിപ്പിച്ചു കഴിഞ്ഞാൽ 3-4 മാസത്തിനുള്ളിൽ എഞ്ചിൻ പരിഷ്ക്കരിക്കുന്നത് അധിക ചെലവുകൾ‌ക്കും വഴിവെക്കും.

കമ്പനിയുടെ പുതിയ ആൽ‌ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ മോഡലാണ് ആൾട്രോസ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മികച്ച അലോയ് വീൽ ഡിസൈൻ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീമിയം ഹാച്ച്ബാക്കായിരിക്കും വരാനിരിക്കുന്ന ആൾട്രോസ്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാകും ടാറ്റ അവതരിപ്പിക്കുക. 85 bhp ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ, 102 bhp സൃഷ്ടിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ-പെട്രോൾ, 90 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ എന്നിവയാകും ഇതിൽ ഉൾപ്പെടുക.

മൂന്ന് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ പുറത്തിറങ്ങും. ടിയാഗൊ, നെക്സോൺ എന്നീ ടാറ്റ കാറുകളിലും ഈ എഞ്ചിനുകൾ ലഭ്യമാണ്. അഞ്ച് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും 2020 ടാറ്റ ആൾട്രോസിന്റെ എക്സ്ഷോറൂം വില.

Comments are closed.