സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സഭയുടെ ഉഗ്രശാസന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങളായ അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, എല്‍ദോസ് പി.കുന്നപ്പള്ളില്‍, റോജി എം.ജോണ്‍ എന്നിവര്‍ക്ക് സഭയുടെ നിയമസഭാ ചട്ടം 53 പ്രകാരമുള്ള നടപടികളില്‍ മൂന്നാമത്തേതായ സെന്‍ഷ്വര്‍ അഥവാ ഉഗ്രശാസന. നാല് അംഗങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു.

എല്ലാവരുമായും കൂടിയാലോചിച്ച് നടപടി തീരുമാനിക്കുമെന്ന് പറഞ്ഞിരുന്ന സ്പീക്കര്‍ ഏകപക്ഷീയമായാണ് നടപടിയെടുത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനെത്തുടര്‍ന്ന് സ്പീക്കറും ചെന്നിത്തലയും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായിരുന്നു. എന്നാല്‍ കക്ഷിനേതാക്കളുടെ യോഗത്തില്‍ താന്‍ നടപടിക്കാര്യം പറഞ്ഞതാണെന്നും ഒ.രാജഗോപാലടക്കമുള്ളവര്‍ നടപടി ആവശ്യപ്പെട്ടതാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.

സ്പീക്കര്‍ അടക്കമുള്ള അന്നത്തെ പ്രതിപക്ഷം 2015 മാര്‍ച്ച് 13ന് സ്പീക്കറുടെ ഡയസില്‍ കയറിയുണ്ടാക്കിയ ബഹളത്തിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തി വി.ടി. ബല്‍റാമും അനില്‍ അക്കരെയും എം.വിന്‍സന്റും നടുത്തളത്തിലെത്തിയെങ്കിലും അച്ചടക്കനടപടി നേരിട്ട അംഗങ്ങള്‍ നടപടി അനുസരിക്കുകയായിരുന്നു.

Comments are closed.