ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തലയില്‍ വീണ് ആറാം ക്‌ളാസുകാരന് ദാരുണാന്ത്യം

ചാരുംമൂട്: പുതുപ്പള്ളിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷണം തലയില്‍ വീണ് ചുനക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി, കുന്നം വിനോദ് ഭവനത്തില്‍ വിനോദിന്റെയും (സന്തോഷ്) ധന്യയുടെയും മകന്‍ നവനീത് (11) ന് ദാരുണാന്ത്യം.

ഉച്ചഭക്ഷണത്തിനു ശേഷം എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ബാറ്റ് ചെയ്യുകയായിരുന്ന കുട്ടിയുടെ കൈയില്‍ നിന്ന് തെറിച്ച തടിക്കഷണം മുകളിലെ ഗ്രൗണ്ടില്‍ നിന്നു താഴേക്കു തെറിച്ച്, നടന്നുവന്ന ആറാം ക്‌ളാസുകാരനായ നവനീതിന്റെ തലയ്ക്കി പിന്നില്‍ കൊള്ളുകയായിരുന്നു.

കുട്ടി പത്തടിയോളം മുന്നോട്ടു നടന്ന് കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ഛര്‍ദ്ദിച്ച് ബോധരഹിതനാവുകയും അദ്ധ്യാപകര്‍ ഉടന്‍ ചുനക്കര ഹെല്‍ത്ത് സെന്ററിലും, അവിടെ നിന്ന് കായംകുളം താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹ പരിശോധനയില്‍ തലയില്‍ ക്ഷതമേറ്റ പാട് കണ്ടെത്താനായില്ല. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി നവീന്‍ ആണ് നവനീതിന്റെ സഹോദരന്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് കുറത്തികാട് പൊലീസ് കേസെടുക്കുകയും ചെയ്തു.

Comments are closed.