വാളയാര്‍ കേസില്‍ സിപിഎം അംഗങ്ങളായ അഭിഭാഷകര്‍ക്ക് കര്‍ശന നിയന്ത്രണവുമായി സിപിഎം

പാലക്കാട്: വാളയാര്‍ കേസില്‍ സിപിഎം അംഗങ്ങളായ അഭിഭാഷകര്‍ക്ക് കര്‍ശന നിയന്ത്രണവുമായി സിപിഎം രംഗത്തെത്തി. ബാലക്ഷേമ കമ്മീഷന്‍ മുന്‍ ചെയര്‍മാനും, പാര്‍ട്ടി അംഗവുമായ എന്‍ രാജേഷ് വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായത് വലിയ ക്ഷീണം വരുത്തിയെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ പ്രവര്‍ത്തി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഒരുവിഭാഗം നേതാക്കള്‍ പറയുന്നു.

മറ്റൊരു പോക്‌സോ കേസിലെ ഇരയെ, പ്രതികള്‍ക്കൊപ്പം അയക്കണമെന്ന് സിഡബ്യൂസി ചെയര്‍മാനായിരിക്കെ എന്‍ രാജേഷ് നിര്‍ബന്ധിച്ചെന്ന നിര്‍ഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ഇതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. അതിനാല്‍ സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ ഏറ്റെടുക്കരുതെന്ന നിര്‍ദ്ദേശം സിപിഎം പാലക്കാട് ജില്ല കമ്മിറ്റി അറിയിച്ചു.

പാര്‍ട്ടി ബന്ധമില്ലാഞ്ഞിട്ടും ലത ജയരാജിനെ സര്‍ക്കാര്‍ രണ്ടാംതവണയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വലിയ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിനോദ് കൈനാട്ട്, അരവിന്ദാക്ഷന്‍ എന്നിവരുടെ കാലാവധി പുതുക്കി നല്‍കാതിരുന്നത് ജില്ലാകമ്മറ്റിയുടെ ഉറച്ച തീരുമാനപ്രകാരമാണെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ല നേതൃയോഗത്തിലാണ് അഭിഭാഷകരേറ്റെടുക്കുന്ന കേസുകളുടെ കാര്യത്തില്‍ നിയന്ത്രമേര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായത്.

Comments are closed.