ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം

ബത്തേരി: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു. അതേസമയം ഷഹല ഷെറിന്റെ മരണത്തില്‍ പൊലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനം. അതിനായി സര്‍വജന സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അങ്കണം ഇന്ന് വൃത്തിയാക്കുന്നു.

Comments are closed.