ഭീകരവാദികളും കുടുംബങ്ങളും അഫ്ഗാന്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

കാബൂള്‍: ഭീകരവാദികള്‍ താവളമുറപ്പിച്ചിരുന്ന അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നങ്ഗര്‍ഹറില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും അഫ്ഗാനിസ്ഥാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.

കീഴടങ്ങിയവരില്‍ 10 ഇന്ത്യക്കാരുണ്ടെന്നും ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇന്ത്യയില്‍ നിന്ന് ഐഎസ്സില്‍ ചേരാന്‍ പോയ മലയാളികളാണ് ഇതില്‍ ഭൂരിഭാഗവും എന്നാണ് അറിവ്. നവംബര്‍ 12-ന് ഓപ്പറേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതില്‍ 13 പാക് പൗരന്‍മാരുമുണ്ടായിരുന്നു. എല്ലാവരും ആയുധം വച്ച് കീഴടങ്ങുകയായിരുന്നു.

അഫ്ഗാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയും, ഇന്റലിജന്‍സ് ഏജന്‍സികളും ഇവരില്‍ നിന്ന് വിവരങ്ങളെടുക്കുകയായിരുന്നു. ”ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ തരാനാകൂ”, എന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് പേരെയും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് അറിവ്.

Comments are closed.