കനകമല കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി

കൊച്ചി : കണ്ണൂര്‍ കനകമലയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ രഹസ്യയോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി.

ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും മറ്റൊരു പ്രതി കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി വിചാരണ തുടങ്ങുംമുമ്പ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ സംഘം കണ്ടെത്തുകയുമായിരുന്നു. പ്രതികള്‍ രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിലെ അംഗങ്ങളാണെന്ന എന്‍.ഐ.എയുടെ വാദവും പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പദ്ധതി തയ്യാറാക്കി എന്ന വാദം അംഗീകരിക്കാമെങ്കിലും ഇവര്‍ ഐ.സി.സില്‍ അംഗങ്ങളാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി ഐ.പി കൃഷ്ണകുമാറാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ അന്‍സാര്‍ ഉല്‍ ഖലീഫ (കേരള) എന്ന പേരില്‍ തീവ്രവാദ സംഘടനയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് എന്‍.ഐ.എ വാദിച്ചിരുന്നു. പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കോടതി വിലയിരുത്തി.

ഇവര്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം വിചാരണയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി അറിയിച്ചിരുന്നു.

Comments are closed.