മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്ന് വിശ്വാസവോട്ട് തേടണമെന്നതില്‍ സുപ്രീംകോടതി ഇന്ന് രാവിലെ 10.30ന് വിധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്ന് വിശ്വാസവോട്ട് തേടണമെന്നതില്‍ സുപ്രീംകോടതി ഇന്ന് രാവിലെ 10.30ന് വിധി പറയുന്നു. ഞായറാഴ്ചത്തെ അസാധാരണ സിറ്റിംഗിന് ശേഷം കോടതി ആവശ്യപ്പെട്ട പ്രകാരം, ഫഡ്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയ കത്തും ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാന്‍ ഫഡ്‌നാവിസ് സമര്‍പ്പിച്ച പിന്തുണക്കത്തും ഇന്നലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സമര്‍പ്പിച്ചു.

54 എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പിട്ട, കവറിംഗ് ലെറ്റര്‍ ഇല്ലാത്ത കത്താണ് കൈമാറിയത്.നവംബര്‍ 22ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ 54 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ അജിത് പവാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും അജിത് പവാറാണ് എന്‍.സി.പി നിയമസഭാ കക്ഷി നേതാവെന്ന് കത്തിലുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

തുടര്‍ന്ന്, ഇവര്‍ ഉള്‍പ്പെട 170 എം.എല്‍.മാരുടെ പിന്തുണയുണ്ടെന്ന അവകാശവാദം അംഗീകരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവര്‍ണര്‍ നല്‍കിയ കത്ത് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വായിക്കുകയും എന്നാല്‍ 54 എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണയറിയിച്ചെന്ന കത്ത് വ്യാജമാണെന്ന് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം പറഞ്ഞിരുന്നു.

ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചിന്റെ വിധി ബി.ജെ.പിക്കും മറുകണ്ടം ചാടിയ ഉപമുഖ്യമന്ത്രി അജിത് പവാറിനും മാത്രമല്ല,ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിനും അനിവാര്യമാണ്.

Comments are closed.