ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകണമെന്ന് കൊച്ചി പോലീസ്

കൊച്ചി: ശബരിമലയിലേക്ക് ദര്‍ശനത്തിന് വീണ്ടും എത്തിയിരിക്കുന്ന തൃപ്തിദേശായിയോടും സംഘത്തോടും മടങ്ങിപ്പോകണമെന്നും യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്നും കൊച്ചി പോലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ സുരക്ഷ ഇല്ലെങ്കിലും ശബരിമലയില്‍ പോകുമെന്നും കോടതിയലക്ഷ്യത്തിന് കേരളസര്‍ക്കാരിനെതിരേ ഹര്‍ജി സമര്‍പ്പിക്കുമെന്നും തൃപ്തി അറിയിച്ചു. തൃപ്തി ദേശായിയും സംഘവും വന്ന വിവരം അറിഞ്ഞ് രാവിലെ മുതല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്ക് ശബരിമല കര്‍?മ്മസമിതിയുടെ അനേകം പ്രതിഷേധക്കാരാണ് എത്തിയത്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തുന്നുണ്ട്.

നേരത്തേ തൃപ്തി ദേശായിക്കൊപ്പം മല കയറാന്‍ എത്തിയ ബിന്ദു അമ്മിണിക്കെതിരേ പ്രവര്‍ത്തകര്‍ മുളകുപൊടി സ്‌പ്രേ ചെയ്തിരുന്നു. ഇവരെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നിരുന്നു. സാഹചര്യം വിലയിരുത്താന്‍ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.

കൂടാതെ തൃപ്തിദേശായി എത്തിയ വിവരമറിഞ്ഞ് വിവിധ ഹിന്ദു സംഘടനകളില്‍ പെട്ട അനേകരാണ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയത്. നാമ ജപവും ശരണംവിളികളുമായി ഇവര്‍ ശക്തമായ പ്രതിഷേധം സ്റ്റേഷന് മുന്നില്‍ നടത്തുകയുമായിരുന്നു. യുവതീ സംഘത്തിന്റെ വരവില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യവും പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്.

ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യം ഉണ്ടെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് തിരിച്ച് പോകാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് എഴുതി നല്‍കാനാണ് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടു. ആവശ്യം പോലീസ് പരിശോധിച്ച് പരിഗണിക്കുന്നതാണ്.

Comments are closed.