ഭൗമനിരീക്ഷണ ഉപഗ്രഹം കാര്‍ട്ടോസാറ്റ് – 3 ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി

ബംഗലുരു: ഇന്ത്യയ്ക്ക് ബഹിരാകാശ രംഗത്ത് കാലാവസ്ഥാ പഠനത്തിനും ഭൗമാപ്പിനും വിലപ്പെട്ട സംഭാവനകളും അറിവുകളും നല്‍കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം കാര്‍ട്ടോസാറ്റ് – 3 ന്റെ വിക്ഷേപണം 17 മിനിറ്റ് 40 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി. രാവിലെ 9.28 ന് പിഎസ്എല്‍വി 47 കാര്‍ട്ടോസാറ്റുമായി പറന്നുയര്‍ന്നിരുന്നു.

കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് – 3 ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയും കാലാവസ്ഥാ പഠനത്തിനും പ്രതിരോധ ആവശ്യങ്ങള്‍ക്കുമെല്ലാം ഗുണകരമാകുമെന്നാണ് കരുതുന്നത്. ഭൂമിയില്‍ നിന്നും 509 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുന്നത്. 1625 കിലോ ഭാരമാണ് കാര്‍ട്ടോസാറ്റ് -3 യ്ക്കുള്ളത്.

നവംബര്‍ 25 നായിരുന്നു നേരത്തേ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 7:28ന് തന്നെ ആരംഭിച്ചിരുന്നു. പിഎസ്എല്‍വി യുടെ 49 ാം വിക്ഷേപണത്തില്‍ കാര്‍ട്ടോസാറ്റിന് പുറമേ അമേരിക്കയില്‍ നിന്നുള്ള സ്വകാര്യ കമ്പനികളുടേത് ഉള്‍പ്പെടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എല്‍വി 47 ഭ്രണമപഥത്തില്‍ എത്തിക്കും.

ഐഎസ്ആര്‍ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് നിര്‍വ്വഹിച്ച ആദ്യ വിക്ഷേപണ കരാറാണിത്. മുമ്പ് ആന്‍ട്രിക്സ് കോര്‍പ്പേറേഷനായിരുന്നു ഐഎസ്ആര്‍ഒ യുടെ വിക്ഷേപണ കരാറുകള്‍ ഏറ്റെടുത്തിരുന്നത്. ഭൂ നിരീക്ഷണത്തിനുള്ള 12 ഫ്ലോക്ക് 4 പി നാനോ സാറ്റലൈറ്റുകളും മെഷ്ബെ!ഡ് എന്ന ആശയവിനിമയ പരീക്ഷണത്തിനുള്ള നാനോ സാറ്റലൈറ്റുമാണ് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ കമ്പനികളുമായുള്ള വിക്ഷേപണ കരാര്‍ എത്ര രൂപയുടേതാണെന്ന വിവരം ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടില്ല.

Comments are closed.