ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരണത്തിന് ചര്‍ച്ച് ആക്ട് 2009 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മാര്‍ച്ചും ധര്‍ണ്ണയും

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരണത്തിന് ‘ചര്‍ച്ച് ആക്ട് ക്രൂസേഡ്’ എന്ന പേരില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നു. കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ (ചര്‍ച്ച് ആക്ട്) 2009 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഇന്ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ചര്‍ച്ച് ആക്ട് ക്രൂസേഡ് രാവിലെ 10ന് ബിഷപ് പെരേര ഹാളിന് മുന്നില്‍ സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ്ണ സിസ്റ്റര്‍ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് മാര്‍ച്ച് കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ (ചര്‍ച്ച് ആക്ട്) 2009നെ കുറിച്ച് വിശദീകരിച്ച് റവ.ഡോ.വത്സണ്‍ തമ്പു മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.ബോറിസ് പോള്‍, ജനറല്‍ സെക്രട്ടറി ജോസഫ് വെളിവില്‍, മക്കാബി ഡയറക്ടര്‍ റവ. യൂഹാനോന്‍ റമ്പാന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബോബന്‍ വര്‍ഗീസ്, സത്യജാല പ്രതാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫെലിക്സ് പുല്ലൂടന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ മാര്‍ച്ചും ധര്‍ണ്ണയും നയിക്കുകയും സ്വാമി അഗ്‌നിവേശും ചടങ്ങില്‍ സംസാരിക്കുന്നുമുണ്ട്.

2009 ല്‍ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബില്‍ ഇനിയെങ്കിലും നിയമമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ പ്രതികരിക്കുന്നു.

Comments are closed.