എസ്പിജി നിയമ ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി

ന്യൂഡല്‍ഹി : എസ്പിജി നിയമ ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. എന്നാല്‍ ആരുടെയും സുരക്ഷ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന് സുരക്ഷ കൂട്ടുകയാണു ചെയ്തതെന്നും സുരക്ഷ പിന്‍വലിക്കുകയല്ല, സംവിധാനം മാറ്റുകയാണു ചെയ്തതെന്നും ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

എന്നാല്‍ രാഷ്ട്രീയം മാത്രം നോക്കിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നതെന്നും രാജീവ് ഗാന്ധിക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അന്ന് സുരക്ഷ പിന്‍വലിക്കാന്‍ വി.പി. സിങ് സര്‍ക്കാര്‍ പറഞ്ഞ അതേ കാരണങ്ങളാണ് ഇപ്പോഴത്തെ ഭേദഗതി ബില്ലിലുമുള്ളത്.

അന്ന് അതു ചെയ്തില്ലായിരുന്നെങ്കില്‍ രാജീവ് ഗാന്ധി ഇന്നും ഈ സഭയിലുണ്ടാകുമായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും ഓഫിസ് എസ്പിജി സുരക്ഷ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചോദിച്ച കത്തിന് ആഭ്യന്തര മന്ത്രാലയം മറുപടി പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

അമിത്ഷായുടെ മറുപടിക്കിടെ, ഡല്‍ഹിയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ ചിലര്‍ ആഡംബര ബൈക്കോടിക്കുന്നതിന് എസ്പിജി സുരക്ഷ നല്‍കാന്‍ പറ്റില്ലെന്നു പറഞ്ഞതിനെച്ചൊല്ലി പ്രതിപക്ഷം ബഹളമുണ്ടാക്കി. എന്‍. കെ. പ്രേമചന്ദ്രന്‍, സിപിഎം അംഗം പി.ആര്‍. നടരാജന്‍ തുടങ്ങിയവരും ബില്ലിനെ എതിര്‍ത്തിരുന്നു.

ബില്‍ ശബ്ദവോട്ടിനിട്ടതോടെ കോണ്‍ഗ്രസ്, ഡിഎംകെ, ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്കു സുരക്ഷ നല്‍കാനും അവര്‍ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും അതു നീട്ടാനുമുള്ള വ്യവസ്ഥയാണു റദ്ദാക്കിയത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ഇനി എസ്പിജി സുരക്ഷയുള്ളത്.

Comments are closed.