നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയും കേസില്‍ ദൃശ്യങ്ങള്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണെന്നും അത് കിട്ടാനുള്ള അര്‍ഹത നിയമപരമായി തനിക്കുണ്ടെന്നും ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും അതിനാല്‍ അത് കിട്ടിയാല്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയു എന്നും വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഉപാധികള്‍ വെയ്ക്കാമെന്നും മറ്റുമുള്ള ദിലീപിന്റെ വാദമാണ് കോടതി തള്ളിയത്.

കൂടാതെ ദൃശ്യങ്ങള്‍ നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടിട്ടുണ്ട്. നേരത്തേ തന്റെ അഭിഭാഷകന്‍ കണ്ടതില്‍ നിന്നും വ്യത്യാസം ദൃശ്യങ്ങളില്‍ ഉണ്ടെന്നും ഫോറന്‍സിക് പരിശോധന വേണമെന്നും ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും ആയിരുന്നു ദിലീപിന്റെ വാദം.

അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുമ്പോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചിരുന്നില്ല.

അതേസമയം കേസില്‍ നേരത്തേ കക്ഷി ചേര്‍ന്ന നടി പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇര എന്ന നിലയില്‍ തന്റെ സ്വകാര്യതയ്ക്കും സംരക്ഷണയ്ക്കും ഭീഷണിയാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കിയതാണെന്നും അതുകൊണ്ടു മറ്റൊരു പരിശോധനയുടെ ആവശ്യം ഇല്ലെന്നും ദിലീപിന് വ്യക്തിപരാമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും കോടതി അറിയിച്ചു.

കൂടാതെ ദൃശ്യങ്ങള്‍ കേസിലെ തൊണ്ടി മുതലാണെന്നും കേസിലെ പ്രധാന രേഖയാണെന്നും സംസ്ഥാന സര്‍ക്കാരും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുമ്പോട്ട് പോകാനാകുന്നതാണ്.

Comments are closed.