മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് തെളിയിച്ചു

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം തലയെണ്ണി ശിവസേന നേതാവ് ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് തെളിയിച്ചു. 288 അംഗ സഭയില്‍ 169 വോട്ടുകള്‍ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചു. സി.പി.എമ്മിലെ ഒരംഗവും ഒരു സ്വതന്ത്രനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ ഒരംഗവും അസദ്ദുദീന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിലെ ഒരംഗവും മാറിനിന്നിരുന്നു.

ചട്ടങ്ങള്‍ വിരുദ്ധമായാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പി സഭയില്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു. അതേസമയം സഭയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിച്ചില്ലെന്നും ഒരു സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസവോട്ട് തേടിയ ചരിത്രം മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കൂടാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോ ടേം സ്പീക്കറുടെ നിയമവും ഭരണഘടന വിരുദ്ധമാണ്.

ഇതില്‍ സഭാ നടപടികള്‍ സസ്പെന്റു ചെയ്യണമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കും. ഭരണഘടന അനുസരിച്ച് സഭ ചേരണമെന്നും ഫഡ്നവീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രത്യേക സമ്മേളനം ചട്ടങ്ങള്‍ എല്ലാം പാലിച്ചാണെന്നും ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും സഭയില്‍ വിഷയം ഉന്നയിക്കാന്‍ പാടില്ലെന്നും പ്രോ ടേം സ്പീക്കര്‍ ദിലീപ് പട്ടീല്‍ പറഞ്ഞു.

എന്നാല്‍ സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ലെങ്കില്‍ സഭയില്‍ ഇരിക്കാനും തനിക്ക് അവകാശമില്ലെന്ന് ഫഡ്നവീസ് പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിലെ അശോക് ചവാന്‍ വിശ്വാസ വോട്ടിന് നിര്‍ദേശം വച്ചു. എന്‍.സി.പി.യിലെ നവാബ് മാലികും ശിവസേനയിലെ സുനില്‍ പ്രഭുവും അതിനെ പിന്തുണച്ചു. പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ അംഗങ്ങള്‍ ഇരിക്കണമെന്നും തലയെണ്ണിയുള്ള വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

Comments are closed.