390 അഡ്വഞ്ചര്‍ ഇന്ത്യ ബൈക്ക് വീക്കില്‍ രാജ്യത്ത് അരങ്ങേറ്റം കുറിക്കും

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലായ 390 അഡ്വഞ്ചർ അടുത്ത ദിവസം ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ രാജ്യത്ത് അരങ്ങേറ്റം കുറിക്കും.

മൂന്ന് ലക്ഷം രൂപ പരിധിയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില. കെടിഎമ്മിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ EICMA 2019-ലാണ് ആദ്യമായി അവതരിപ്പിച്ചത്. വിപണിയിൽ എത്തിയാൽ കെടിഎം ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെലവേറിയ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളായിരിക്കും 390 അഡ്വഞ്ചർ.

390 ഡ്യൂക്കിലെ അതേ എഞ്ചിനാണ് പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കിലും കമ്പനി വാഗ്ദാനം ചെയ്യുക. ഈ 373 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 43 bhp കരുത്തും 37 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ‘സ്ലിപ്പ് ആൻഡ് അസിസ്റ്റ്’ ക്ലച്ച് വഴി ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ഈ കണക്കുകൾ 390 അഡ്വഞ്ചറിൽ അതിന്റെ റൈഡിംഗ് സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി അല്പം വ്യത്യസ്തമായിരിക്കാം. അതായത് മികച്ച ലോ-എൻഡ് ടോർഖ് മോട്ടോർസൈക്കിളിൽ പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

390 ഡ്യൂക്കിനെ അപേക്ഷിച്ച് 390 അഡ്വഞ്ചറിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ്, ഓഫ്-റോഡ് മോഡ് എന്നിവയും ഉണ്ട്. ബിഎസ്-VI എഞ്ചിൻ യൂണിറ്റാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം പാലിക്കുന്നതിനായി തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണ് കമ്പനി. ഇന്ത്യ ബൈക്ക് വീക്കിൽ തങ്ങളുടെ ആദ്യ ബിഎസ്-VI മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗും അനുബന്ധ ഘടകങ്ങളും ആയിരിക്കും സ്ട്രീറ്റ്ഫൈറ്റർ മോഡലായ 390-യിൽ നിന്നുള്ള മറ്റ് ശ്രദ്ധേയമായ വ്യത്യാസങ്ങൾ. കെടിഎം 390 അഡ്വഞ്ചറിൽ 19 ഇഞ്ച് ഫ്രണ്ട് വീൽ, ഡ്യുവൽ പർപ്പസ് നോബി ടയറുകൾ, നീളമുള്ള വീൽബേസ്, ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസ്, ഉയരമുള്ള സാഡിൽ, വലിയ ഇന്ധന ടാങ്ക് എന്നിവയും ഇടംപിടിക്കുന്നു.

കെടിഎം ഉൽ‌പ്പന്നങ്ങളുടെ വിലകൾ‌ എല്ലായ്‌പ്പോഴും മത്സരാധിഷ്ഠിതമാണ്. അവരുടെ പങ്കാളിയായ ബജാജിന്റെ സമാന ശേഷിയുള്ള മറ്റ് യാത്രാ മോട്ടോർസൈക്കിളുകളേക്കാളും വിലയേറിയതാകാമെങ്കിലും, പ്രകടനത്തിന്റെ കാര്യത്തിൽ കെടിഎം മോട്ടോർസൈക്കിളുകൾ ഒരിക്കലും പിന്നോട്ടു പോകുന്നില്ല. അതിനാൽ മറ്റ് മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ വില ഇരട്ടിയായെന്ന് വരാം.

Comments are closed.