ഹൈദരാബാദില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ കേസില്‍ പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. സംസ്ഥാനത്തെ വാറങ്കലില്‍ കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.

തുടര്‍ന്ന് വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് മൂന്ന് പൊലീസുകാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത് ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൊഴിയാണെന്നു പൊലീസ് പറയുന്നു.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ പൊലീസിലേക്ക് വിളിച്ച് പ്രതികളെ കുറിച്ച് സൂചന നല്‍കി. സംഭവ ദിവസം രാത്രി പെട്രോള്‍ വാങ്ങാന്‍ പ്രതികള്‍ എത്തിയപ്പോള്‍ സംശയം തോന്നിയ യുവാവ് ഇന്ധനം നല്‍കിയിരുന്നില്ല എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന് നടന്‍ മഹേഷ് ബാബു പ്രതികരിച്ചു.

തന്റെ മകന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ അവനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു. ഇരുപതുകാരനായ ചെന്നകേശവലുവിനെ മുഖ്യപ്രതി ആരിഫ് ആണ് സംഭവ ദിവസം വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.

Comments are closed.