ആരാധനാ അവകാശത്തെ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ആരാധനാ അവകാശത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആര്‍ക്കെന്ന കാര്യത്തിലാണ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നത്.

14 കുടുംബങ്ങള്‍ മാത്രമുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങള്‍ക്കാന് പള്ളിയുടെ അവകാശമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ഫാ.തോമസ് പോളിനെ 2017 ആഗസ്റ്റ് 16 ന് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരിയായി അങ്കമാലി ഭദ്രാസനാധിപന്‍ നിയമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ചിരുന്നില്ല.

അതിനെതുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ ചെറിയപള്ളി ശുശ്രൂഷ നടത്താന്‍ വികാരി ഫാ.തോമസ് പോളിന് അനുമതി നല്‍കിയ മൂവാറ്റുപുഴ മുന്‍സിഫ് കോടതി യാക്കോബായ വിഭാഗക്കാര്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. റമ്പാന് പോലീസ് സംരക്ഷണം ഒരുക്കാനും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ റമ്പാന്‍ സമീപിച്ചപ്പോള്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കാട്ടി നോട്ടീസ് നല്‍കുകയാണ് ചെയ്തത്. അതേസമയം പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ ഒഴിപ്പിച്ചിട്ടു വേണം പള്ളി ഏറ്റെടുക്കാനുള്ളത്.

മതപരമായ ചടങ്ങുകള്‍ക്ക് വിട്ടു നല്‍കുന്നത് അതിന് ശേഷം മാത്രമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വിശദമാക്കിയ ഹൈക്കോടതി, നടപടികള്‍ക്ക് തടസം നില്‍ക്കുന്നവരെ അറസ്റ്റു ചെയ്തു നീക്കണമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടര്‍ ഉപയോഗിക്കണം.

Comments are closed.