മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

2020 -ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്താനിരിക്കുന്ന മൂന്ന് നിര എസ്‌യുവികളില്‍ പ്രധാനിയാണ് പുതുതലമുറ മഹീന്ദ്ര XUV500. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും ഏതാനും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ പുതിയൊരു വീഡിയോ കൂടി പുറത്ത് എത്തിയിരിക്കുന്നത്. വാഹനത്തിന്റെ കൂടുടതല്‍ വിവരങ്ങള്‍ വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. കിയ സെല്‍റ്റോസിനോട് സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് പുതിയ XUV500 -ന്റെയും ഡാഷ്ബോര്‍ഡ്.

ഒരു പാനലില്‍ തന്നെയാണ് ടച്ച് സ്‌ക്രീനും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നത്. അതിനൊപ്പം തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വലിപ്പത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയായിട്ടാണ് എസി വെന്റുകളും സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായിട്ടാണ് എസി വെന്റുകള്‍. ഫ്ലാറ്റ് ബോട്ടം ശൈലിയാണ് സ്റ്റീയറിങ് വീലിന് നല്‍കിയിരിക്കുന്നത്. ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ് വീലില്‍ ഇടം പിടിച്ചേക്കും.

മുന്‍വശത്തും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ മുന്നിലെ ഡിസൈന്‍ പുര്‍ത്തികരിക്കാത്ത രീതിയിലാണ്. നേരത്തെ വാഹനത്തിന്റെ ഡോര്‍ ഹാന്‍ഡിലിന്റെ സവിശേഷതകള്‍ പുറത്തുവന്നിരുന്നു.

പഴയ പതിപ്പില്‍ ഉണ്ടായിരുന്ന ചീറ്റയുടെ നഖത്തിനോട് സാമ്യമുണ്ടായിരുന്ന ഡോര്‍ ഹാന്‍ഡില്‍ പുതുതലമുറ വാഹനത്തില്‍ ഉണ്ടാകില്ല. പകരംഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളാകും പുതിയ പതിപ്പില്‍ സ്ഥാനം പിടിക്കുക.

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കയിലെ ടെക്‌നിക്കല്‍ സെന്ററായ പിനിന്‍ഫറീന ഡിസൈന്‍ ഹൗസില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അടുത്ത വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് സൂചന.

Comments are closed.