നാല് കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറിയ സംഭവത്തില്‍ ഡോ. സി ജെ ജോണ്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ പട്ടിണി സഹിക്കാനാകാതെ തന്റെ ആറ് മക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമ്പോള്‍ ഡോ. സി ജെ ജോണ്‍ പങ്കുവെച്ച കുറിപ്പും വൈറലാകുന്നു.

സി ജെ ജോണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

പുറമ്പോക്കില്‍ താമസം. ഗൃഹനാഥന് കൂലി പണി. മദ്യപാന ശീലവുമുണ്ട്. ഏഴ് വയസ്സ് മുതല്‍ മൂന്ന് മാസം വരെയുള്ള ആറ് കുട്ടികളെ ഉല്‍പാദിപ്പിച്ച വിദ്വാന്‍. ഭാര്യയുടെ അവസാന പ്രസവം കുടിലില്‍ തന്നെ. കുട്ടികളെയും ഭാര്യയെയും മര്‍ദ്ദിക്കും. ഇതാണ് സാഹചര്യം.

കുട്ടികള്‍ക്ക് ആഹാരം ലഭിക്കാറില്ലെന്ന് പ്രദേശ വാസികള്‍ അറിയിച്ചത് കൊണ്ട് ശിശു സംരക്ഷണ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.കരുതലും സംരക്ഷണവും വേണ്ട കുട്ടികളെന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ പെടുത്തി ഇടപെടലുകള്‍ അതിവേഗം നടന്നു.അത്രയും നല്ല കാര്യം.സത്യത്തില്‍ ആ കുടുംബവും സമൂഹത്തിന്റെ കരുതലും സംരക്ഷണവും വേണ്ട അവസ്ഥയില്‍ അല്ലേ?ഫാമിലീസ് നീഡിങ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്നൊരു വിഭാഗത്തെ സാമൂഹിക നീതി വകുപ്പ് നിര്‍വചിക്കേണ്ടതുണ്ട്.

സമൂഹിക ദുരവസ്ഥയുടെ പ്രതീകമാകുന്ന ഈ പട്ടിണി വീട് അത്തരത്തിലൊന്നാണ് .വൃദ്ധ ജനങ്ങളും, മനോരോഗികളും കഷ്ടപ്പെടുന്ന വീടുകളുണ്ട്. രോഗങ്ങള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ വീണ് പോകുന്ന കുടുംബങ്ങളുണ്ട് .ഇത്തരം അവസ്ഥകള്‍ കണ്ടെത്തി ഇടപെടേണ്ടത് ലോക്കല്‍ കൗണ്‍സിലറിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രീയ സംവിധാനം അവരെ പഠിപ്പിക്കണം. ബോധ്യപ്പെടുത്തണം.പ്രദേശ വാസികളെ അറിയേണ്ടത് അവരാണ്.

തിരിച്ചറിഞ്ഞ് ഉചിതമായ സംവിധാനങ്ങളുമായി കണ്ണി ചേര്‍ത്ത് കരുതലും സംരക്ഷണവും നല്‍കണം . സമൂഹിക സുരക്ഷ തക്ക സമയത്തു ലഭിക്കാതെ ഇത് പോലെയുള്ള ദുര്‍ഗതിയില്‍ പെട്ട് ചിലര്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ മാത്രം റിയാക്ടീവായി പ്രവര്‍ത്തിച്ചാല്‍ പോര. വേണ്ടത് വേണ്ട നേരം ചെയ്യുകയെന്നതാണ് മാതൃകാപരം.

ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ വാര്‍ഡ് തലത്തില്‍ ഇതിനെതിരെയുള്ള ജാഗ്രതാ സംവിധാനങ്ങള്‍ ഉണ്ടാക്കണം. വിശപ്പ് സഹിക്കാതെ മണ്ണ് തിന്നേണ്ടി വന്ന കുട്ടിയുള്ള ഈ പട്ടിണി വീട് അതിന് നിമിത്തമാകട്ടെ.പരിഹാരങ്ങളെ കുറിച്ച് സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഇത്തരം വേളകളില്‍ വെറുതെ രാഷ്ട്രീയം വിളമ്പി ബോറാക്കല്ലേ.അത് തിന്നാല്‍ വിശക്കുന്നവരുടെ വിശപ്പ് അടക്കില്ല.

(സി ജെ ജോണ്‍)

Comments are closed.