ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കി നഗരസഭ വാക്ക് പാലിച്ചു

തിരുവനന്തപുരം: ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കി നഗരസഭ വാക്ക് പാലിച്ചു. ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞിരുന്ന വാക്ക് ഇന്നലെത്തന്നെ നഗരസഭ പാലിക്കുകയായിരുന്നു. 630 രൂപ ദിവസക്കൂലി. മാസം 17,000 രൂപ വരുമാനത്തില്‍ പൂജപ്പുര മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീദേവിക്ക് നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നല്‍കിയുള്ള ഉത്തരവ് മേയര്‍ നേരിട്ടെത്തി കൈമാറുകയായിരുന്നു.

കൂടാതെ കണ്ണമ്മൂല, കല്ലടിമുഖം, കരിമഠം എന്നിവിടങ്ങളിലെ പണി പൂര്‍ത്തിയായ ഫ്‌ളാറ്റുകളിലൊന്നില്‍ ശ്രീദേവിക്കും കുടുംബത്തിനും താമസം അനുവദിക്കുമെന്നും മേയര്‍ വാഗ്ദാനം നല്‍കിയിരുന്നു. ശ്രീദേവിയെയും രണ്ട് കൈക്കുഞ്ഞുങ്ങളെയും താമസിപ്പിച്ചിരിക്കുന്ന മഹിളാ മന്ദിരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അസൗകര്യങ്ങളുള്ളതിനാല്‍ ഇവരെ വെള്ളനാട് പുനലാലിലെ ഡെയ്ല്‍ വ്യൂവിലേക്കു മാറ്റാനാണ് തീരുമാനം. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ ശ്രീദേവിയുടെ നാലു കുട്ടികളാണ് തൈക്കാട് ശിശുക്ഷേമ സമിതിയിലുള്ളത്.

കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രായത്തിനനുസരിച്ച് വേണ്ടുന്ന തൂക്കമില്ല. പോഷകാഹാരക്കുറവുമുണ്ട്.കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ആഹാരത്തിനുള്ള പണം പോലും നല്‍കാതിരുന്നതിനു പുറമെ മദ്യപിച്ചെത്തിയുള്ള മര്‍ദ്ദനവുമാണ് ഒരു വയസു വീതം മാത്രം പ്രായവ്യത്യാസമുള്ള ആറു കുഞ്ഞുങ്ങളുമായി ശ്രീദേവിയുടെ ജീവിതം ദുരിതത്തിലാക്കിയത്. ചോദ്യം ചെയ്യാനെത്തുന്ന അയല്‍ക്കാരെ ശ്രീദേവിയുടെ ഭര്‍ത്താവ് ആട്ടിയോടിച്ചു. ഈ ദുരിതം കണ്ടവരിലാരോ ആണ് കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമ സമിതിയിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിച്ചത്.

Comments are closed.