എ ടി എം തട്ടിപ്പുകളില്‍ പ്രതിയെന്നു കരുതുന്നയാളുടെ ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കൊച്ചി: കൊച്ചിയിലെ എ ടി എം തട്ടിപ്പുകളില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തിലിറങ്ങിയ റോബിന്‍ ഹുഡ് സിനിമയിലെ എ ടി എം തട്ടിപ്പിന് സമാനമാണ് കൊച്ചിയിലെ കവര്‍ച്ചയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ കൊച്ചിയില്‍ നടന്ന ചില എടി എം കവര്‍ച്ചകള്‍ക്ക് ഈ റോബിന്‍ ഹുഡ് ഛായയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ചില ചിത്രങ്ങള്‍ കടവന്ത്രയിലെ എ ടി എമ്മില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. സിനിമയിലേതുപോലെതന്നെ ഹെല്‍മറ്റ് വെച്ച് ബൈക്കില്‍ എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ എത്തിയാണ് കൊച്ചിയിലും കവര്‍ച്ച നടക്കുന്നത്. അര്‍ധ രാത്രിയിലോ പുലര്‍ച്ചെയോ കവര്‍ച്ച നടത്തുന്നതിനാല്‍ മൈബൈല്‍ ഫോണില്‍ സന്ദേശം വന്നാലും പണം നഷ്ടപ്പട്ടയാള്‍ അറിയുന്നത് രാവിലെയാകും. അതിനുമുന്‍പേ തന്നെ പലപ്പോഴായി മുഴുവന്‍ പണവും പിന്‍വലിച്ചിരിക്കും.

കൊച്ചിയിലെ എ ടി എം തട്ടിപ്പിന് പിന്നില്‍ ഒരാളാണോ അതോ ഒരുകൂട്ടം ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. മുഖം പുറത്തറിയാതിരിക്കാന്‍ ഹെല്‍മറ്റ് വെച്ച് സിനിമയിലേതിനു സമാനമായി വ്യാജ എ ടി എം കാര്‍ഡുകള്‍ ഉണ്ടാക്കിയാണ് പണം പിന്‍വലിക്കുന്നത്. എ ടി എം കാര്‍ഡുപയോഗിച്ച് ഓണ്‍ ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ വിശദാംശങ്ങള്‍ ഹാക്ക് ചെയ്താണ് എ ടി എം വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

Comments are closed.