പട്ടിണി മൂലം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിയെ ഏല്‍പിച്ച സംഭവം ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മില്‍ ഭിന്നത

തിരുവനന്തപുരം: കൈതമുക്കില്‍ അതിദാരുണമായ സാഹചര്യത്തില്‍ കഴിഞ്ഞ കുടുംബത്തിലെ കുട്ടികള്‍ പട്ടിണി മാറ്റാന്‍ മണ്ണ് തിന്നിരുന്നു എന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

കുട്ടികള്‍ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും തെറ്റായ മൊഴിയുണ്ടാക്കിയെന്നും കുടുംബം പട്ടിണിയില്‍ ആയിരുന്നില്ലെന്നും ഇക്കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബം കൊടുംപട്ടിണിയിലായിരുന്നു എന്ന കണ്ടെത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് ശിശുക്ഷേമ സമിതി.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ കുട്ടികളെ ഇന്ന് സ്‌കൂളിലയക്കും. ഇവരുടെ ആരോഗ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്ക് അണുബാധയുണ്ട്. കൂടാതെ കുട്ടികള്‍ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതിയില്‍ എഴുതിച്ചേര്‍ത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി. അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Comments are closed.