ജമ്മു കാശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് പൂവച്ചല്‍ സ്വദേശി ഉള്‍പ്പെടെ നാലു സൈനികര്‍ മരിച്ചു

കാട്ടാക്കട: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ ചൊവ്വാഴ്ച തംഗ്ധര്‍ സെക്ടറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മഞ്ഞുമല ഇടിഞ്ഞുവീണ് പൂവച്ചല്‍ സ്വദേശി ഉള്‍പ്പെടെ നാലു സൈനികര്‍ മരിച്ചു. കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ സുദര്‍ശനന്റെയും സതികുമാരിയുടെയും മകനായ നഴ്സിംഗ് അസിസ്റ്റന്റ് എസ്.എസ്.അഖില്‍ (29) ആണ് കൂട്ടത്തിലെ മലയാളി.

രക്ഷാദൗത്യത്തിന് എത്തിയ സംഘം ഇന്നലെ മഞ്ഞിനടിയില്‍ നിന്ന് സൈനികരെ പുറത്തെടുത്തപ്പോഴേക്കും മൂന്നു പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു. രക്ഷപ്പെടുത്തിയ ജവാന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീനഗറിലെ ബേസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

സൈനിക അന്തിമോപചാരത്തിനു ശേഷം മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കുകയും തുടര്‍ന്ന് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന അഖിലിന്റെ മൃതദേഹം ജില്ലാ കളക്ടറും സര്‍ക്കാര്‍ പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിച്ച ശേഷം പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് അഖില്‍ പഠിച്ച നെടിയകുഴയ്ക്കാട് എല്‍.പി.സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുകയും അവിടെ നിന്ന് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുകയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളേടെ വീട്ടുവളപ്പില്‍ നടക്കുന്നതുമാണ്.

ഗീതുവാണ് ഭാര്യ. മകന്‍ ദേവരതിന്റെ ഒന്നാം പിറന്നാളിന് നാട്ടിലെത്തിയിരുന്ന അഖില്‍ ഒക്ടോബറിലാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. പിതാവ് സുദര്‍ശന കുമാര്‍ കൂലിപ്പണിക്കാരനാണ്. സഹോദരന്‍:എസ്.എസ്. അക്ഷയ് തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.

Comments are closed.