ഹ്യുണ്ടായുടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍

ഫ്യുവൽ സെൽ ഇലക്ട്രിക്ക് വാഹനങ്ങൾ (FCEV) ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനുള്ള സാധ്യതാ പഠനം ആരംഭിച്ചതായി വെളിപ്പെടുത്തി കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി.

ഈ നീക്കം ഇന്ത്യൻ വിപണിയിലേക്ക് ഹ്യുണ്ടായി നെക്സോ FCEV-യുടെ അരങ്ങേറ്റത്തിന് കളമൊരുക്കുമെന്നാണ് പ്രതീക്ഷ. ഇത് കൊറിയൻ ബ്രാൻഡിന്റെ ഹരിത വാഹനങ്ങളുടെ സാന്നിധ്യം വർധിപ്പിക്കും. ഡൽഹിയിൽ നടന്ന 2018 ഇന്ത്യ-കൊറിയ ബിസിനസ് ഉച്ചകോടിയിൽ നെക്സോ ഇവി-യെ കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു.

നെക്‌സോ ഇന്ത്യയിൽ അവതരിപ്പിക്കാൻ കുറച്ച് വർഷങ്ങൾ എടുക്കുമെങ്കിലും ആഗോളതലത്തിൽ FCEV വാഹനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയാണ് ഹ്യുണ്ടായി. 161 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കുന്ന 195 കിലോവാട്ട് ഫ്യുവൽ സെൽ പായ്ക്കാണ് ഹ്യുണ്ടായി നെക്‌സോയ്ക്ക് ലഭിക്കുന്നത്.

WLTP-സാക്ഷ്യപ്പെടുത്തിയ 666 കിലോമീറ്റർ ശ്രേണിയും വാഹനത്തിൽ ഹ്യുണ്ടായി അവകാശപ്പെടുന്നു. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.2 സെക്കൻഡ് മതിയാകും നെക്സോ FCEV-ക്ക്. 177 കിലോമീറ്റർ സ്പീഡാണ് വാഹനത്തിന് കൈവരിക്കാൻ സാധിക്കുന്ന ഉയർന്ന വേഗത.

അടുത്ത തലമുറയിലെ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, എന്നിവയും ഒരു സ്വയം പാർക്കിംഗ് പ്രവർത്തനവും ഉൾപ്പെടെയുള്ള സവിശേഷതകളും വാഹനത്തിൽ ഇടംപിടിക്കും.

ഒരു CBU യൂണിറ്റായാകും നെക്സോ FCEV ഇന്ത്യയിൽ അവതരിപ്പിക്കുക. ബ്രാൻഡിന്റെ സാധാരണ സ്റ്റൈലിംഗ് സൂചകങ്ങളായ ‘കാസ്കേഡിംഗ് ഗ്രിൽ’, ഉയർത്തിയ എസ്‌യുവി പോലുള്ള സിലൗറ്റ് എന്നിവ വാഹനത്തിന്റെ പുറംമോഡിയിലെ പ്രത്യേകതകളാണ്. അതോടൊപ്പം ഏറ്റവും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, ടെയിൽ ലാമ്പുകൾ എന്നിവയും നെക്സോയിൽ ഉൾപ്പെടും.

നെക്‌സോ FCEV-യുടെ ഇന്റീരിയറിൽ രണ്ട് എൽസിഡി സ്‌ക്രീനുകൾ സംയോജിപ്പിച്ച് 12.3 ഇഞ്ച് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യും. വാഹനത്തിനകത്തെ എയർ പ്യൂരിഫയർ ഫീച്ചറാണ് നെക്‌സോയുടെ പ്രധാന സവിശേഷത. ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് 2021-ൽ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ മോഡലായ നെക്സോയെ ഹ്യുണ്ടായി അവതരിപ്പിക്കും. ഇതിനകം ദക്ഷിണ കൊറിയയിൽ 20 ലക്ഷം രൂപക്കാണ് ഹ്യുണ്ടായി നെക്സോ വിൽപ്പനയ്‌ക്കെത്തുന്നത്.

Comments are closed.