ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പരാതി നല്‍കിയതിന്റെ പേരില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പരാതി നല്‍കിയതിന്റെ പേരില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കോടതിയിലേക്ക് പോകുംവഴി യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ഒരാളും മറ്റു രണ്ടു പേരും ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

തുടര്‍ന്ന് 80 ശതമാനത്തിനു മേല്‍ പൊള്ളലേറ്റ 23കാരി ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. 2018ല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയും കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചു പേര്‍ തന്നെ മൂന്നു മാസത്തോളം തടവിലാക്കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ഏക പ്രതി കഴിഞ്ഞയിടെ ജാമ്യത്തിലിറങ്ങിയിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി കോടതിയിലേക്ക് പോകും വഴിയാണ് സംഭവം.

2017 ജൂണ്‍ നാലിനാണ് 17കാരിയെ എം.എല്‍.എയും കൂട്ടരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പരാതി നല്‍കിയതിന് കുടുംബത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാവുകയും പെണ്‍കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും പെണ്‍കുട്ടിയുടെ അമ്മാവനെ മറ്റൊരു കേസില്‍ കുടുക്കി ജയിലിലടച്ചു.

ഇദ്ദേഹത്തെ കാണാന്‍ പോകുന്നതിനിടെ 2019 ജൂലായ് 28ന് പെണ്‍കുട്ടിയും കുടുംവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ വിഷയം അറിഞ്ഞതോടെ ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയ് വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റുകയുമായിരുന്നു.

Comments are closed.