പി എന്‍ ബി തട്ടിപ്പില്‍ നിരവ് മോഡിയെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: പി എന്‍ ബി തട്ടിപ്പില്‍ രാജ്യംവിട്ട വജ്ര വിവാദ വ്യാപാരി നിരവ് മോഡിയെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 200 കോടി ഡോളറിന്റെ ബാങ്ക് വായ്പ തട്ടിപ്പിനെ തുടര്‍ന്ന് നിരവിനെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നി കുറ്റങ്ങളും ചുമത്തി കേസെടുത്തിരുന്നു.

തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന (പിഎംഎല്‍എ) പ്രത്യേക കോടതിയാണ് പുതിയ നിയമപ്രകാരം നിരവിനെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. വിജയ് മല്യയെ എഫ്ഇഒ പ്രകാരം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ട പിടികിട്ടാപ്പുള്ളിയായി (എഫ്ഇഒ) പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് നിരവ് മോഡി.

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നിരക് മോഡിക്കും ബന്ധു മെഹുല്‍ ചോക്സിക്കുമെതിരെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മോഡിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കമെന്ന ആവശ്യം അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂലായില്‍ മുന്നോട്ടുവച്ചിരുന്നുവെങ്കിലും മോഡിയുടെ അഭിഭാഷകര്‍ എതിര്‍ക്കുകയായിരുന്നു.

സി.ബി.ഐ കോടതിയില്‍ ഈ മാസം 17ന് ആരംഭിക്കുന്ന കേസില്‍ 30 ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് പിഎംഎല്‍എ കോടതി ഉത്തരവിട്ടത്. ഇതോടെ എന്‍ഫോഴ്സ്മെന്റിന് നിരവിന്റെ പേരില്‍ ഇന്ത്യയിലും യു.കെയിലും യു.എ.ഇയിലുമുള്ള കണ്ടുകെട്ടേണ്ട മോഡിയുടെ സ്വത്ത് പട്ടിക സംബന്ധിച്ച വാദം ജിസംബര്‍ 10 മുതല്‍ കോടതി കേള്‍ക്കുന്നതാണ്.

Comments are closed.