ന്യൂനപക്ഷങ്ങളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കാനുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാര്‍സി, ജെയിന്‍, ബുദ്ധ സമുദായത്തില്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കാനായി നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ കടക്കാതെ ലാപ്സായതിനെ തുടര്‍ന്ന് പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

1955ലെ പൗരത്വ ബില്ലില്‍ വരുത്തുന്ന ഭേദഗതി നിയമമായാല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കും. എന്നാല്‍ വിദേശ പൗരന്‍മാര്‍ക്ക് അംഗീകാരം നല്‍കുന്നതിലുള്ള എതിര്‍പ്പ് പരിഗണിച്ച് അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം സംസ്ഥാനങ്ങളെയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട അസാം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ വലിയൊരു ഭാഗത്തെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായാണ് വിവരം.

കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി, ആര്‍.ജെ.ഡി, ഇടത് പാര്‍ട്ടികള്‍ എന്നിവ ബില്ലിനെ എതിര്‍ക്കുന്നുവെങ്കിലും ലോക്സഭയില്‍ പാസാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. രാജ്യസഭയില്‍ അണ്ണാ ഡി.എം.കെ, ബി.ജെ.ഡി എന്നിവയുടെ പിന്തുണ സര്‍ക്കാരിന് അനിവാര്യമാകുന്നതാണ്.

Comments are closed.