നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കത്തിനശിച്ചു ; ആര്‍ക്കും പരിക്കില്ല

റാസല്‍ഖൈമ: റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരം നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി കത്തി നശിച്ചു. ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനെത്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി.

എന്നാല്‍ കാര്യമായ പരിക്കുകളൊന്നുമേല്‍ക്കാതെ ഡ്രൈവര്‍ക്ക് കാറിന് പുറത്തിറങ്ങാനായി. ഡ്രൈവര്‍ രക്ഷപെട്ടതിന് ശേഷമാണ് കാറിന് തീപിടിച്ചത്. കാറിന്റെ എഞ്ചിനില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍.

വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, അഗ്‌നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്‌നിശമന സേന പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിക്കുകയും മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുകയുമായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments are closed.