സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സൗജന്യ ഇന്‍റർനെറ്റ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തങ്ങളുടെ പൗരന്മാർക്ക് സൗജന്യ ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 11,000 ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ സർക്കാർ കരാർ നൽകിയതായി കെജ്രിവാൾ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 16 നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വേഗതയിലുള്ള ഇന്‍റർനെറ്റ് നഗരത്തിൽ ഉടനീളം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യ വൈഫൈ പദ്ധതി വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പൂർത്തിയാക്കുകയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ടത്തിൽ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ 11,000 വൈ-ഫൈ ഹോട്ട്‌സ്പോട്ടുകൾ സ്ഥാപിക്കും.

ഇൻസ്റ്റാളേഷന്റെ ആദ്യ ഘട്ടം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ അതിന്മേലുള്ള ഫീഡ്ബാക്കും ആവശ്യകതയും മനസിലാക്കി രണ്ടാം ഘട്ടമായി കൂടുതൽ സൗജന്യ വൈ-ഫൈ സോണുകൾ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ 100 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളുടെ ഒരു ചെറിയ ശൃംഖല ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്യും. ആറുമാസത്തിനുള്ളിൽ നഗരത്തിലുടനീളം മൊത്തം 11,000 ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കും. 11,000 ഹോട്ട്‌സ്‌പോട്ടുകളിൽ 4,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ ബസ് സ്റ്റാൻഡുകളിലായിരിക്കും സ്ഥാപിക്കുന്നത്.

ബാക്കി 7,000 ഹോട്ട്‌സ്‌പോട്ടുകൾ വിപണന കേന്ദ്രങ്ങളിലും മറ്റ് ആളുകൾ കൂടുന്ന പ്രദേശങ്ങളിലും സ്ഥാപിക്കും. ഓരോ ½ Km പരിധിയിലും ഉപയോക്താക്കൾക്ക് ഒരു Wi-Fi ഹോട്ട്‌സ്പോട്ട് കണ്ടെത്താനാകുമെന്ന് സർക്കാർ അറിയിച്ചു.

മുഴുവൻ പദ്ധതിക്കുമായി സർക്കാരിന് 99 കോടി രൂപയാണ് ചിലവാകുന്നത്. ഇത് കൂടാതെ പ്രതിമാസം വാടക സർവ്വീസ് പ്രോവൈഡറിന് നൽകുകയും വേണം. സൗജന്യ വൈ-ഫൈ നെറ്റ്‌വർക്കിന്റെ സർവ്വീസ് പ്രൊവൈഡർ പ്രെസ്റ്റോ ആയിരിക്കും. ഓരോ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഡിവൈസിനും 100 മീറ്റർ റേഞ്ച് ആണ് ഉണ്ടായിരിക്കുക.

200 ആളുകൾക്ക് വരെ ഒരു സമയം കണക്റ്റുചെയ്യാനാകുന്ന വിധത്തിലാണ് ഇവ ക്രമീകരിക്കുന്നത്. അതിനാൽ, 11,000 ഹോട്ട്‌സ്‌പോട്ടുകളുടെ ശൃംഖലയിലൂടെ 22 ലക്ഷം വരെ ഉപയോക്താക്കൾക്ക് ഒരേസമയം നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയും.

ഓരോ ഉപയോക്താവിനും പ്രതിമാസം 15 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരാൾക്ക് പ്രതിദിനം 1.5 ജിബി വരെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മിക്ക പ്രദേശങ്ങളിലും ശരാശരി 100-150Mbps വേഗതയിൽ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിൽ വേഗത 200Mbps വരെയായിരിക്കും. അതേസമയം ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾക്ക് ശരാശരി 80Mbps വേഗതയായിരിക്കും ലഭിക്കുക.

Comments are closed.