രാജ്യത്ത് ഫാക്ടറികൾ തുടങ്ങാൻ സന്നദ്ധത അറിയിച്ച് അഞ്ച് ചൈനീസ് കമ്പനികൾ

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചൈനയിലെ ഗാംങ്‌സൂ, ദോങ്ഗ്വാന്‍, ഷെന്‍സെന്‍ പ്രവിശ്യകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഫാക്ടറികള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ച് അഞ്ച് ചൈനീസ് കമ്പനികള്‍ രംഗത്തെത്തി. ഹോളിടെക് ഇന്ത്യയുടെ പാര്‍ട്ണര്‍ കമ്പനികളായ അഞ്ച് പേരാണ് നോയിഡയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്.

ഹോളിടെക് ഇതിനോടകം 400 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്യാമറ, മൊബൈല്‍ സ്‌ക്രീന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന ഹോളിടെക് കമ്പനിക്ക് ഗൗതം ബുദ്ധ നഗറിലെ വ്യാവസായിക നഗരത്തില്‍ നാല് യൂണിറ്റുകള്‍ ഉണ്ട്. കമ്പനി 1300 കോടി നിക്ഷേപിക്കുമെന്നുമാണ് വിവരം. നോയിഡയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ 100 ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സ്ഥലപരിമിതി ഗ്രേറ്റര്‍ നോയിഡ ഡവലപ്‌മെന്റ് അതോറിറ്റി നേരിടുന്നുണ്ട്.

പ്രദേശത്തെ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് വ്യാവസായിക കമ്പനികള്‍ക്കായി ഭൂ ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. തുടര്‍ന്ന് ഹോളിടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ ഗ്രേറ്റര്‍ നോയിഡ ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റിയെ കണ്ട് ഫാക്ടറികള്‍ തുടങ്ങാനുള്ള അഞ്ച് കമ്പനികളുടെ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറിയിരുന്നു.

Comments are closed.