സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താന്‍ ഉത്തരവ്

കോട്ടയം: സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താന്‍ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാന്‍ രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. എല്ലാ സര്‍വകലാശാല രജിസ്ട്രര്‍മാരും ഒക്ടോബര്‍ 25 ന് മന്ത്രിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന അദാലത്തില്‍ ഫയലുകളുമായി എത്തണമെന്നാണ് ഒക്ടോബര്‍ 16ന് ഉന്നതവിദ്യാദ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്. ഫയലുകള്‍ പൂര്‍ണ്ണവും വ്യക്തവുമാകണം.

എംജിയിലേയും ശങ്കരാചാര്യയിലേയും അസിസ്റ്റന്റ് നിയമനങ്ങളെ സംബന്ധിക്കുന്ന ഫയല്‍, കേരളയിലെ ബിഎഡിന്റെ ചില ഫയലുകള്‍, കുസാറ്റിലെ ചില ഓഡിറ്റ് രേഖകള്‍, കാലിക്കറ്റിലേയും കണ്ണൂരിലേയും പരീക്ഷകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ ഫയലുകള്‍ എത്തിക്കണണെന്നും ഉത്തരവില്‍ പറയുകയാണ്. ഈ ഫയലുകളോടൊപ്പം രജിസ്ട്രാര്‍മാരും ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ അദാലത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

തുടര്‍ന്ന് ശങ്കരാചാര്യ, കണ്ണൂര്‍, എംജി എന്നിവിടങ്ങളില്‍ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകളെത്തുകയും ചെയ്തു. പിന്നീട് മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദാലത്തായി നടത്താതെ ഫലയുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുത്തില്ലെന്നാണ് അറിവ്. എംജി സര്‍വകലാശാല അനൗദ്യോഗികമായി ഈ അദാലത്ത് നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. മറ്റ് രണ്ട് സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരും എതിര്‍പ്പറിയിച്ചു. എങ്കിലും ഉന്നത വിദ്യഭ്യാസ വകുപ്പ് പിന്‍മാറിയിരുന്നില്ല.

Comments are closed.