വേള്‍ഡ് പ്രിമിയറിനോട് അനുബന്ധിച്ച് നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് ടാറ്റ

2019 ഡിസംബര്‍ 17 -ന് മുംബൈയില്‍ നടക്കുന്ന വേള്‍ഡ് പ്രിമിയറിനോട് അനുബന്ധിച്ച് നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. മുംബൈ, പൂനെ, ഡല്‍ഹി, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരൂ എന്നിവിടങ്ങളിലാകും വാഹനം ആദ്യ നാളുകളില്‍ വില്‍പ്പനയ്ക്ക് എത്തുക.

വീട്ടിലോ, ഓഫീസിലോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ചാര്‍ജറും വാഹനത്തിനൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കിയേക്കും. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. അടുത്തിടെ വിവിധ സുരക്ഷാ പരിശോധനകള്‍ നടത്തുന്ന വാഹനത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്സോണില്‍ നടത്തിയത്. കമ്പനി തന്നെ പുറത്തുവിട്ട വീഡിയോയിലൂടെ വാഹനം സംബന്ധിച്ച് കുറച്ച് വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹാരിയര്‍ എസ്‌യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്ററാകും വാഹനത്തിനും ലഭിക്കുക. എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. സ്പീഡോമീറ്റര്‍, അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം. ടാറ്റയുടെ ടിഗൊര്‍ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് നെക്‌സോണിനും ചാര്‍ജിങ് പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

Comments are closed.