സബ്-4 മീറ്റര്‍ എസ്യുവിയായ QYI അടുത്ത വര്‍ഷം ഇന്ത്യയില്‍ വിപണിയില്‍

കിയ മോട്ടോർസ് വിപണിയിൽ എത്തിക്കാനിരിക്കുന്ന പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ QYI അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കമ്പനി.

കൊറിയൻ നിർമ്മാതാക്കൾ രാജ്യത്ത് അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാകും പുതിയ QYI കോംപാക്ട് എസ്‌യുവി.

അടുത്ത വർഷം പുനർ നിർമ്മിച്ച രണ്ട് മോഡലുകൾ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോർസ് അറിയിച്ചു. അടുത്ത വർഷം ഒന്നും രണ്ടും പകുതിയിൽ യഥാക്രമം ‘പ്രീമിയം എംപിവി’, ‘സ്‌മോൾ എൻട്രി എസ്‌യുവി’ എന്നിവ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നെന്നാണ് സ്ഥിരീകരണം.

ആദ്യ പാദത്തിൽ കാർണിവൽ സമാരംഭിക്കുന്നതോടെ കിയ 2020-ന് തുടക്കം കുറിക്കും. 2020-ലെ ഉത്സവ സീസണിന് തൊട്ടുമുമ്പായി കമ്പനി QYI സബ് കോംപാക്ട് എസ്‌യുവിയും പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന സൂചന.

സെൽറ്റോസിന് എത്തിയ ആദ്യത്തെ വിപണിയാണ് ദക്ഷിണ കൊറിയയെങ്കിലും, സബ് -4 മീറ്റർ എസ്‌യുവി എത്തുന്ന ആദ്യത്തെ വിപണിയായിരിക്കും ഇന്ത്യയെന്നാണ് റിപ്പോർട്ടുകൾ.

കിയ തങ്ങളുടെ കോംപാക്ട് എസ്‌യുവിയെ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെയും ദക്ഷിണ കൊറിയയിലെയും പൊതു നിരത്തുകളിൽ കമ്പനി ഈ മോഡലിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ്.

അടുത്തതലമുറ ഇ-കോൾ ടെലിമാറ്റിക്സ്, അഡ്വാൻസ്ഡ് ജിപിഎസ്, നാവിഗേഷൻ സിസ്റ്റങ്ങൾ, വിദൂര ഇഗ്നിഷൻ, ലൈവ് ട്രാഫിക് മോണിറ്ററിംഗ് എന്നിവയുൾപ്പെടെയുള്ള പുതിയ സവിശേഷതകൾ QYI-യിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ നിരവധി കംഫർട്ട്-ഓറിയന്റഡ് ഫീച്ചറുകളും വാഹനത്തിൽ അണിനിരത്തിയേക്കും.

കിയ, ഹ്യുണ്ടായി വെന്യു ഉൾപ്പടെയുള്ള B, C- വിഭാഗത്തിലെ വെന്യു പോലെയുള്ള മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് QYI കോംപാക്ട് എസ്‌യുവിയും ഒരുങ്ങുന്നത്.

ഇന്ത്യയിൽ 120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 115 bhp നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നീ എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും വാഹനം വിപണിയിലെത്തുക.

6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി നൽകും. അതേസമയ 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റും ഇടംപിടിക്കും.

ഇന്ത്യൻ വിപണിയിൽ ഏഴ് ലക്ഷം രൂപ മുതലായിരിക്കും കിയ സബ് -4 മീറ്റർ എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ്സ എന്നീ മോഡലുകളായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളികൾ.

Comments are closed.