പാറ ലഭ്യമല്ല ; ഒന്നാം ഘട്ടം പൂർത്തിയാക്കാൻ വിഴിഞ്ഞം പദ്ധതിക്ക് 270 ദിവസം കൂടി അനുവദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കേണ്ട കാലാവധി അവസാനിച്ചതോടെ സർക്കാർ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ അദാനിക്ക് 9 മാസം കൂടി അനുവദിച്ചു. പുലിമുട്ട് നിര്‍മ്മാണത്തിന് പാറ കിട്ടുന്നില്ലെന്ന് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടതിനാലാണ് 270 ദിവസം കൂടി അനുവദിച്ചത്.

ഒമ്പതു മാസം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കണം. സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ സര്‍ക്കാരിന് അദാനി കമ്പനിയുടെ മേല്‍ പിഴ ചുമത്താനും തുറമുഖ നിര്‍മ്മാണ കരാർ ലംഘനം നടത്തിയതിന് കരാറിൽ നിന്ന് പുറത്താക്കാനും സാധിക്കും. കരാര്‍ 40 വര്‍ഷത്തേക്കായതിനാല്‍ ആദ്യഘട്ടമുണ്ടായ വീഴ്ചയ്‌ക്ക് സർക്കാർ നടപടിയെടുക്കാന്‍ സാദ്ധ്യതയില്ല.

ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനുള്ള 1460 ദിവസത്തെ കാലാവധി ഡിസംബര്‍ നാലിന് അവസാനിച്ചിരുന്നു. 3.1 കിലോമീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കേണ്ടത്. അതില്‍ 600 മീറ്ററില്‍ മാത്രമാണ് കല്ലിട്ടിട്ടുള്ളത്. പുലിമുട്ടിന് 70 ലക്ഷം ടണ്ണും ബെര്‍ത്തിന് 10 ലക്ഷം ടണ്ണും പാറയാണ് വേണ്ടത്. ദിവസം 10,000 ടണ്‍ കല്ലെങ്കിലും വേണം. നിലവിൽ 3,000 ടണ്‍ മാത്രമാണ് എത്തുന്നത്.

തുറമുഖ പ്രവർത്തനങ്ങൾക്ക് വേണ്ട പാറ അന്യസംസ്ഥാനങ്ങളിൽ ലഭിക്കുന്നത് പോലെ കേരളത്തിൽ സുലഭമായി കിട്ടാത്തതാണ് ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ കഴിയാതിരുന്നതെന്ന് അദാനി ഗ്രൂപ്പിന്റെ സി.ഇ.ഒ രാജേഷ് ഝാ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക്‌ വേണ്ടി പാറ നൽകാൻ മൂന്ന് ക്വാറികള്‍ക്കാണ് അനുമതി കിട്ടിയിട്ടുള്ളത്. കൊല്ലം ജില്ലയിൽ മാങ്കോട്, കുമ്മിള്‍ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ക്വാറികളില്‍ നിന്ന് കല്ലെടുക്കുന്നുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം ജില്ലകളിലെ 21 സര്‍ക്കാര്‍ ക്വാറികളില്‍ നിന്ന് കല്ലെടുക്കാനുള്ള അനുമതിക്ക് 2018 ഏപ്രിലില്‍ അദാനി ഗവര്മെന്റിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ തിരുവനന്തപുരം നഗരൂര്‍ കടവിളയിലെ ക്വാറിക്കു മാത്രമാണ് ഖനനത്തിനുള്ള അനുമതി ലഭിച്ചത്. ബാക്കിയുള്ളവയ്‌ക്ക് മൈനിംഗ് ആൻഡ് ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ അനുമതിപത്രം കിട്ടേണ്ടതുണ്ട്. ക്വാറികളുടെ അനുമതിക്കുള്ള സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയാൽ പാറക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഹസ്റ്റിൽ എം ഡി ഡോ.വിജയകുമാർ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.