ഡമ്മി ഫീങ്കര്‍പ്രിന്റ് എന്ന ആശയവുമായി ഒരു മോതിരം

ബയോമെട്രിക്ക് ഡാറ്റ ചോർത്തിയെടുക്കാൻ കഴിവുള്ള സാങ്കേതിക വിദ്യ പോലും വികസിച്ചു വന്ന കാലത്ത് നമുക്ക് മാറ്റാൻ കഴിയാത്ത നമ്മുടെ വിരലയാളഡാറ്റ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലൊരു സുരക്ഷാ സംവിധാനമെന്ന നിലയിലാണ് ഈ മോതിരം വികസിപ്പിച്ചിരിക്കുന്നത്.

സുരക്ഷാ സ്ഥാപനമായ കാസ്പർസ്കി ലാബിൽ നിന്നാണ് ഡമ്മി ഫീങ്കർപ്രിന്‍റ് എന്ന ആശയവുമായി ഈ മോതിരം പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ അൺലോക്കുചെയ്യാൻ ഉപയോക്താക്കൾ ഫിംഗർപ്രിന്റിനെയും ഫേഷ്യൽ സ്‌കാനുകളെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്.

ഇങ്ങനെ ഉപയോഗിക്കുന്ന ബയോമെട്രിക്ക് ഡാറ്റ തെറ്റായ കൈകളിലെത്തിയാൽ അത് വലിയൊരു പ്രശ്നമായി മാറും. അതിന് പരിഹാരമായി ഡമ്മി ഫിങ്കർപ്രിന്‍റ് ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു മോതിരമാണ് ഇത്. ഉപകരണങ്ങൾ അൺലോക്ക് ചെയ്യാനായി സിന്തറ്റിക്ക് വിരലടയാളം സൃഷ്ടിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്.

ബയോമെട്രിക് ഓതന്‍റിക്കേഷനുകളിലുള്ള ഒരു പ്രധാന അപകടസാധ്യത പരിഹരിക്കുന്നതിനാണ് മോതിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ മുഖത്തിന്‍റെയോ വിരലടയാളത്തിന്‍റെയോ പകർപ്പുകൾ മോഷ്ടിക്കപ്പെട്ടാൽ പാസ്‌വേഡ് പോലെ റിസെറ്റ് ചെയ്യാൻ സാധിക്കില്ല.

ഈ സുരക്ഷാ പ്രശ്നത്തിന്‍റെ സാധ്യത തന്നെ ഇല്ലെന്ന് കരുതുന്ന പലരുമുണ്ട്. അടുത്തിടെ ഒരു ദക്ഷിണ കൊറിയൻ കമ്പനി ഉപഭോക്താക്കളുടെ വിരലടയാളം, ഫേസ്റെക്കഗനിഷൻ ഡാറ്റ എന്നിവ ഒരു ഓപ്പൺ ഓൺലൈൻ ഡാറ്റാബേസിൽ ഹോസ്റ്റുചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

സ്മാർട്ട്‌ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ സാധാരണയായി ഓൺലൈൻ സെർവറിൽ അല്ല ഫിങ്കർപ്രിന്‍റ് ഡാറ്റ സുക്ഷിക്കുന്നത്. മറിച്ച് അവയുടെ ഹാർഡ്വെയറുകളിലാണ്. ഇത്തരം അവസരങ്ങളിൽ സുരക്ഷാ പ്രശ്നം ഉണ്ടാവില്ല. എന്നാൽ ഇത്തരം ഇലക്ടോണിക്ക് ഡിവൈസുകളിൽ മാൽവെയർ ബാധിച്ചാൽ എന്ത് ചെയ്യും. കമ്പ്യൂട്ടർ ഹാർഡ്വെയറിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ സാധിക്കുന്ന സ്പൈവെയറുകളെ കണ്ടെത്തിയിട്ടുണ്ടെന്ന് കാസ്പെർസ്കി നേരത്തെ അറിയിച്ചിരുന്നു.

ഇതേ തുടർന്ന് സുരക്ഷയുടെ ഭാഗമായി ഡമ്മി ഫിങ്കർപ്രിന്‍റുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയുമോ എന്ന് കാസ്പെർസ്കി ലാബ് ചിന്തിച്ചു. കമ്പനിയുടെ സ്വീഡിഷ് ഡിസൈനർ ബെഞ്ചമിൻ വെയറുമായി ചേർന്നാണ് ഡമ്മി ഫിങ്കർപ്രിന്‍റ് മോതിരം കമ്പനി പുറത്തിറക്കിയത്.

റബ്ബർസ്റ്റോണിൽ ത്രീഡി പ്രിന്‍റ് ചെയ്താണ് കമ്പനി മോതിരം ഉണ്ടാക്കിയിരിക്കുന്നത്. അനവധി കണ്ടക്ടീവ് ഫൈബറുകൾ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ സിന്തറ്റിക്ക് ഫിങ്കർപ്രിന്‍റ് ഉൾപ്പെടുത്തിയിരിക്കുന്നു.

ഫോൺ അല്ലെങ്കിൽ സ്മാർട്ട് ഹോം ഡോർ ലോക്ക് പോലുള്ള ബയോമെട്രിക് സിസ്റ്റങ്ങൾ അൺലോക്ക് ചെയ്യാനായി ഈ റിംഗ് ഉപയോഗിക്കാം. റിംഗിലെ ഫിംഗർപ്രിന്‍റ് ഡാറ്റ ചോർന്നാൽ, ഉപയോക്താവിന് ഈ പ്രത്യേക മോതിരം ബ്ലോക്ക് ചെയ്യാനും പുതിയതൊന്ന് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും കഴിയും. ഉപയോക്താവിന്‍റെ കൈകളിലെ ശരിയായ ബയോമെട്രിക്ക് ഡാറ്റയ്ക്ക് യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടാവുകയുമില്ല എന്ന് കാസ്പർസ്കി അറിയിച്ചു.

Comments are closed.