മാരുതി സുസുക്കി ഫ്യൂച്ചര്‍-എസ് എന്ന പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ മോട്ടോർഷോ ആയ ഓട്ടോ എക്സ്പോയിലെ സ്ഥിരം സാന്നിധ്യമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വരാനിരിക്കുന്ന 2020 എക്സ്പോയിലും പുതിയ മോഡലിനെ അവതരിപ്പിക്കാൻ കമ്പനി തയ്യാറായി കഴിഞ്ഞു.

ഫ്യൂച്ചുറോ-ഇ എന്നാണ് മാരുതിയുടെ പുതിയ കൺസെപ്റ്റിന് കമ്പനി നൽകിയിരിക്കുന്ന പേര്. 2018 ഓട്ടോ എക്‌സ്‌പോയിൽ ഫ്യൂച്ചർ-എസ് എന്ന പേരു നൽകി മാരുതി സുസുക്കി ഒരു മിനി ഹാച്ച്ബാക്ക് ക്രോസ്ഓവർ ആശയം പുറത്തിറക്കിയിരുന്നു.

ഫ്യൂച്ചറോ-ഇ എന്ന പേര് ഫ്യൂച്ചർ-എസ് എന്നതിന് സമാനമാണ് എന്നതിനാൽ ഇത് എസ്-പ്രെസ്സോയുടെ ഒരു ഇലക്ട്രിക്ക് വകഭേദമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ ഇലക്ട്രിക്ക് കാറുകളിൽ ‘ഇ’ ടാഗ് ഉൾപ്പെടുത്തുന്നതാണ് ഇതുമൊരു ഇലക്ട്രിക്ക് വാഹനമാണെന്ന് സൂചന നൽകാൻ കാരണമായിരിക്കുന്നത്.

കൂടാതെ എല്ലാ പ്രമുഖ ബ്രാൻഡുകളും ഇന്ത്യൻ സർക്കാരും ഇലക്ട്രിക്ക് മൊബിലിറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വാഗൺആറിനെ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക്ക് കാറിനെ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കുമെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതിനാൽ ഫ്യൂച്ചുറോ-ഇ ഒരു ഇലക്ട്രിക്ക് എഞ്ചിൻ ഉപയോഗിക്കുന്ന ക്രോസ്ഓവർ ഹാച്ച്ബാക്ക് ആകാനുള്ള സാധ്യത ഉയർത്തിക്കാണിക്കുന്നു. ഫ്യൂച്ചറോ-ഇ ഒരു 25 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കോടുകൂടിയ 72V സിസ്റ്റം ഉപയോഗിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

പൂർണ ചാർജിൽ 130 കിലോമീറ്റർ മൈലേജും ഈ വാഹനം നൽകിയേക്കും. വാഗൺ‌ആർ‌ അടിസ്ഥാനമാക്കിയുള്ള ഇ‌വിയുടെ സവിശേഷതകളെ ഉൾപ്പെടുത്തിയാകും പുതിയ ഇ-വെഹിക്കിളും എത്തുകയെന്നാണ് സൂചന.

ഫ്യൂച്ചർ-എസ് ആശയത്തിൽ അവതരിപ്പിച്ച പ്രൊഡക്ഷൻ പതിപ്പ് ബജറ്റ് ക്രോസ്ഓവർ-ഹാച്ച് അല്ലെങ്കിൽ എസ്‌യുവി-ഇഷ് ഹാച്ച്ബാക്ക് വിഭാഗത്തിലെ റെനോ ക്വിഡിന് ശക്തമായ എതിരാളിയാകാൻ വിപണിയിലെത്തി. മാരുതി എസ്-പ്രെസ്സോ 998 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 68 bhp-യും 90 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയപ്പോൾ എജിഎസ് എഎംടി വകഭേദങ്ങളും ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാം. ആൾട്ടോ K10-ൽ വാഗ്ദാനം ചെയ്തു വന്നിരുന്ന അതേ 1.0 ലിറ്റർ എഞ്ചിൻ യൂണിറ്റാണ് എസ്-പ്രെസ്സോയിൽ വാഗ്ദാനം ചെയ്യുന്നതെങ്കിലും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇത് പരിഷ്ക്കരിച്ചു.

Comments are closed.