യമഹ തങ്ങളുടെ രണ്ടാമത്തെ ബിഎസ്-VI മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു

യമഹ മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ബിഎസ്-VI മോഡലിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ജനപ്രിയ മോഡലായ YZF R15 V3.0-യുടെ ബിഎസ്-VI പതിപ്പിനെയാണ് കമ്പനി പുറത്തിറക്കിയത്.

അടുത്തിടെ യമഹയുടെ ആദ്യ ബിഎസ്-VI മോഡലായ FZ, FZ-S എന്നിവയെയും വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി നവീകരിച്ച് എത്തിയ കമ്പനിയുടെ ആദ്യ മോഡലുകളാണ് ഇവ.

ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടുന്ന YZF-R15 V3.0 2019 ഡിസംബർ മൂന്നാം വാരം മുതൽ രാജ്യത്തെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാകുമെന്നും യമഹ വ്യക്തമാക്കിയിട്ടുണ്ട്.

റേസിംഗ് ബ്ലൂ, തണ്ടർ ഗ്രേ, ഡാര്‍ക്ക്‌നൈറ്റ്‌ എന്നിങ്ങനെ നിലവിലുള്ള മൂന്ന് പെയിന്റ് സ്കീമുകളിൽ തന്നെയാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. റേസിംഗ് ബ്ലൂ വകഭേദത്തിന് ബ്ലൂ കളറിലുള്ള വീലുകളും ഇപ്പോൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഇത് മോട്ടോർസൈക്കിളിന്റെ ആകർഷണം വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും.

പുതിയ ബിഎസ്-VI 2020 യമഹ R15 V3.0 തണ്ടർ ഗ്രേയ്ക്ക് 1,45,300 രൂപയും റേസിംഗ് ബ്ലൂ പതിപ്പിന് 1,45,900 രൂപയും ഡാര്‍ക്ക്‌നൈറ്റ്‌ കളർ ഓപ്ഷന് 1,47,300 രൂപയുമാണ് എക്സ്ഷോറൂം വില. നിലവിലെ ബിഎസ്-IV വകഭേദത്തെക്കാൾ ഏകദേശം 4,000 രൂപ കൂടുതലാണ് ഇത്.

പുതിയ ബിഎസ്-VI കംപ്ലയിന്റ് YZF-R15-ന്റെ ചെലവ് നിയന്ത്രണത്തിനായി കമ്പനി ഏറെ പരിശ്രമിച്ചുവെന്നും ഇത് പുതിയ സ്റ്റാൻ‌ഡേർഡ് സവിശേഷതകളോടൊപ്പം മൂന്ന് ശതമാനം വില വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ മോട്ടോഫുമി ഷിതാര പറഞ്ഞു.

സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, ഡ്യുവൽ ഹോൺ, റേഡിയൽ ട്യൂബ്ലെസ് ടയർ തുടങ്ങിയ പുതിയ സവിശേഷതകളെല്ലാം മോട്ടോർസൈക്കിളിൽ യമഹ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 155 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, SOHC, വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യയുള്ള നാല് വാൽവ് എഞ്ചിൻ തന്നെയാണ് ബിഎസ്-VI R15 V3.0-യിലും ഉപയോഗിക്കുന്നത്.

ഇത് 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

നിലവിലുള്ള മോഡലിന്റെ മൊത്തത്തിലുള്ള അളവുകൾ അതേപടി നിലവിർത്തിയാണ് നവീകരിച്ച R15 V3 എത്തുന്നത്. 1990 mm നീളവും 725 mm വീതിയും 1135 mm ഉയരവുമാണ് ബൈക്കിന് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം 1325 mm വീൽബേസും മോട്ടോർ സൈക്കിളിന് ഉണ്ടാകും.

ഇതിനുപുറമെ, പരമ്പരാഗത ടേൺ ഇൻഡിക്കേറ്ററുകളോടു കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും അതേപടി നിലനിർത്തിയിരിക്കുന്നു. കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പൂർണ്ണ ഡിജിറ്റൽ എൽസിഡി, സ്പ്ലിറ്റ് സ്റ്റൈൽ സ്റ്റെപ്പ്-അപ്പ് സീറ്റുകളും ബിഎസ്-VI മോഡലിൽ തുടരും.

ബി‌എസ്-IV R15 V3 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന സസ്പെൻഷനും ബ്രേക്കിംഗ് സജ്ജീകരണവും ബിഎസ്-VI പതിപ്പും മുന്നോട്ട് കൊണ്ടുപോകും.സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബി‌എസും മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് 142 കിലോഗ്രാം ഭാരമാണുള്ളത്.

കെടിഎം ആർ‌സി 125, സുസുക്കി ജിക്സർ SF 155, ടിവി‌എസ് അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS 160 എന്നിവയാണ് പുതിയ ബിഎസ്-VI യമഹ YZF-R15 V3.0-യുടെ വിപണിയിലെ എതിരാളികൾ.

Comments are closed.