അടുത്ത വര്‍ഷത്തോടെ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ കുറവ് വരും

മൊബൈല്‍ ടെക്‌നോളജി രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നിരവധി ഡിവൈസുകള്‍ 2019 ല്‍ അവതരിപ്പിക്കപ്പെട്ടു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 5ജിയു ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളുമാണ്. ചില കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. പലരും 5ജി ടെക്‌നോളജി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

സാംസങ്, ഹുവായ്, വൺപ്ലസ് എന്നിവ ഈ വർഷം 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച കമ്പനികളാണ്. 5ജി യുഗത്തിനായി കാത്തിരിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും താങ്ങാവുന്ന വിലയിലല്ല ഈ കമ്പനികളുടെ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 5ജി സപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ സ്മാർട്ട്ഫോണുകളിൽ കൊണ്ടുവരുന്നതിനും 5ജി മോഡത്തിനുമാണ് ചിലവ് കൂടുതൽ. അതുകൊണ്ടാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഇത്രയും വില വർദ്ധിച്ചത്.

അടുത്ത വർഷത്തോടെ 5ജി സ്മാർട്ട്ഫോണുകൾക്കുള്ള വൻ വിലയിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിപ്പ്സെറ്റ് ഉത്പാദാക്കളായ ക്വാൽകോം ഇതിനകം തന്നെ മൂന്ന് പുതിയ 5ജി സപ്പോർട്ട് ചിപ്പ് സെറ്റുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്നാപ്പ്ഡ്രാഗൺ 865, സ്നാപ്പ്ഡ്രാഗൺ 765, സ്നാപ്പ്ഡ്രാഗൺ 765ജി എന്നിവയാണ് ക്വാൽകോം പുതുതായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 5ജി സപ്പോർട്ട് ഉള്ള ചിപ്പ്സെറ്റുകൾ.

സ്നാപ്പ്ഡ്രാഗൺ 865 ഒരു ഹൈ എൻഡ് പ്രോഡക്ട് ആണ്. വിലകൂടിയ ചിപ്പ്സെറ്റ് ആയതിനാൽ തന്നെ ഇത് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളും പ്രീമിയം ലെവലായിരിക്കും. എന്നാൽ സ്നാപ്പ്ഡ്രാഗൺ 765, സ്നാപ്പ്ഡ്രാഗൺ 765ജി എന്നിവ മിഡ്റൈഞ്ച് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ചിപ്പ്സെറ്റുകളാണ്.

ഈ മൂന്ന് പുതിയ ചിപ്പ് സെറ്റുകളിലും ബിൾഡ് ഇൻ 5ജി മോഡമാണ് കൊടുക്കുന്നത്. അതായത് സ്മാർട്ട്ഫോൺ കമ്പനികൾക്ക് മറ്റൊരു 5ജി മോഡം വാങ്ങാൻ പണം ചിലവഴിക്കേണ്ടി വരില്ല. ഇത് ഉത്പാദനചിലവ് കുറയ്ക്കും.

അന്താരാഷ്ട്ര തലത്തിൽ കോടിക്കണക്കിന് സ്മാർട്ട്ഫോണുകൾക്കായി 5ജി ആക്സസുള്ള സ്നാപ്പ്ഡ്രാഗൺ 765, 765ജി എന്നീ ചിപ്പ്സെറ്റുകൾ എത്തിക്കുമെന്ന് ക്വാൽകോം ടെക്നോളജീസ് മൊബൈൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റും ജനറൽ മാനേജരുമായ അലക്സ് കറ്റോസിയൻ വ്യക്തമാക്കി.

ഹൈ സ്പീഡ് ഗെയിമിങ്, ഇന്‍റലിജന്‍റ് മൾട്ടിക്യാമറ ക്യാപ്ച്ചർ, മികച്ച ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്നവയായിരിക്കും പുതിയ ചിപ്പ്സെറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്കവാറും എല്ലാ മുൻനിര സ്മാർട്ട്ഫോൺ കമ്പനികളും ഉപയോഗിക്കുന്നത് ക്വാൽകോമിന്‍റെ ചിപ്പ്സെറ്റുകളാണ്. അതുകൊണ്ട് തന്നെ 2020തോടെ മിക്കവാറും കമ്പനികളും തങ്ങളുടെ മോഡലുകളിൽ ചിപ്പ്സെറ്റ് അപ്ഗ്രേഡ് ചെയ്യുമ്പോൾ ക്വാൽകോമിന്‍റെ തന്നെ 5ജി മോഡം വരുന്ന ചിപ്പ്സെറ്റുകളായിരിക്കും ഉൾപ്പെടുത്തുക എന്നാണ് കരുതുന്നത്.

വിപണിയിൽ വൻ തോതിൽ 5ജി സ്മാർട്ട്ഫോണുകൾ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും അവയുടെ വിലയും കുറയും. ക്വാൽകോം ചിപ്പ്സെറ്റ് ഉപയോഗിക്കാത്ത ഒരേയൊരു പ്രധാന സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഹുവായ് ആണ്. എന്നാൽ അവർ അവരുടെ സ്വന്തം 5ജി ചിപ്പ്സെറ്റ് ഇതിനകം വികസപ്പിച്ച് കഴിഞ്ഞു.

Comments are closed.