പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ 311 വോട്ടുകള്‍ക്ക് വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ 311 വോട്ടുകള്‍ക്ക് വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അര്‍ധരാത്രിയോടെയായിരുന്നു വോട്ടിങ്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതാണ്.

മതപീഡനത്തേത്തുടര്‍ന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതിനായാണ് ഈ ഭേദഗതി. തുടര്‍ന്ന് ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ബുദ്ധ, െജെന, പാഴ്സി, ക്രിസ്ത്യന്‍ മതക്കാര്‍ക്കാണു ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുക.

ഇതു കടുത്ത മുസ്ലിം വിവേചനമാണെന്നാണു പ്രതിപക്ഷം പ്രതികരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. അതേസമയം ബില്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണു ലക്ഷ്യമിടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, മുസ്ലിം ലീഗ്, ഡി.എം.കെ. സമാജ്വാദി പാര്‍ട്ടി തുടങ്ങിയവര്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ സഭയില്‍ 293 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. ബി.ജെ.പിക്കു പുറമേ ശിവസേന, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ, ടി.ഡി.പി. െവെ.എസ്.ആര്‍. കോണ്‍ഗ്രസ് അംഗങ്ങളാണ് ബില്‍ അവതരണത്തെ അനുകൂലിച്ചത്. പൗരത്വത്തിനു മതം അടിസ്ഥാനമാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നതു പാകിസ്താന്റെ ആശയമാണെന്നു ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇതെന്ന് ഇ.ടി. മുഹമ്മദ് ബഷീറും ഒരു സമുദായത്തെ മാത്രം ഒഴിവാക്കിയതിലൂടെ സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. എന്നാല്‍ ഇതു ഭരണഘടനയുടെ 14-ാം വകുപ്പിന്റെ (തുല്യനീതി) ലംഘനമാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നതെങ്ങനെ? വിവേചനപരമാണെന്നു തെളിയിക്കുന്നപക്ഷം ബില്‍ പിന്‍വലിക്കാന്‍ ഒരുക്കമാണ്. പൗരത്വത്തിനായുള്ള മുസ്ലിംകളുടെ അപേക്ഷകള്‍ തുറന്ന മനസോടെ പരിഗണിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Comments are closed.