സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് മോഡലുകള്‍ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ

ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നീ രണ്ട് മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹസ്ഖ്‌വര്‍ണ.

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയാണ് ഹസ്ഖ്‌വര്‍ണ. ഈ രണ്ട് കെടിഎം 250 ഡ്യൂക്ക് അധിഷ്ഠിത മോഡലുകളും 2020 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തും.

രണ്ട് 250 മോഡലുകൾ അവതരിപ്പിച്ചതിനു പിന്നാലെ പുതിയ 200 സിസി സ്വാർട്ട്‌പിലൻ പതിപ്പിനെയും ഇപ്പോൾ കമ്പനി പുറത്തിറക്കി. ഹസ്ക്കി 250-കളെപ്പോലെ സ്വാർട്ട്പിലൻ 200 ഉം കെടിഎം ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഡ്യൂക്ക് 200-ന് കരുത്തേകുന്ന അതേ 200 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ടഡ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ 26 bhp ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സുമായാണ് ഈ DOHC എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവപോലുള്ള മറ്റ് മെക്കാനിക്കലുകളും ഡ്യൂക്ക് 200-ന് സമാനമായി തുടരുന്നു.

മാത്രമല്ല, സ്വാർട്ട്‌പിലൻ 200 അതിന്റെ ഉയർന്ന വകഭേദമായ സ്വാർട്ട്‌പിലൻ 250-യുടെ അതേ അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഹസ്ഖ്‌വര്‍ണ 401 മോഡലിന്റെ വയർ-സ്‌പോക്ക് വീലുകളല്ല ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ 200 സിസി മോഡലിന്റെ ബോഡി പാനലുകൾ, എൽഇഡി ലൈറ്റിംഗ് എന്നീ മറ്റ് ഘടകങ്ങളും സ്വാർട്ട്പിലൻ 250-ക്ക് സമാനമാണെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, സ്വാർട്ട്‌പിലൻ 200-യുടെ പ്രധാന വ്യത്യാസം അതിന്റെ എക്‌സ്‌ഹോസ്റ്റിലാണ് കമ്പനി വരുത്തിയിരിക്കുന്നത്.

സ്വാർട്ട്‌പിലൻ 250-യുടെ സൈഡ് മൗണ്ടഡ്‌ എക്‌സ്‌ഹോസ്റ്റിന് പകരമായി ഡ്യൂക്ക് 200-ന് നൽകിയിരിക്കുന്നതു പോലെ താഴെയായാണ് സ്വാർട്ട്‌പിലൻ 200-ന്റെ എക്‌സ്‌ഹോസ്റ്റ് ഇടംപിടിച്ചിരിക്കുന്നത്.

ഹസ്ഖ്‌വര്‍ണയുടെ എൻട്രി ലെവൽ മോഡലായി പുതിയ സ്വാർട്ട്‌പിലൻ 200 സ്ഥാനം പിടിക്കും. അടുത്ത വർഷം എപ്പോഴെങ്കിലും ഇന്ത്യയിൽ മോട്ടോർസൈക്കിൾ വിപണിയിലെത്തിയേക്കും. 1.62 ലക്ഷം രൂപ വിലയുള്ള കെടിഎം 200 ഡ്യൂക്കിനേക്കാൾ 10,000-15,000 രൂപ കൂടുതലായിരിക്കും ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 200 ന്.

ഇന്ത്യ ബൈക്ക് വീക്ക് (IBW) 2019-ൽ വിറ്റ്‌പിലൻ 401, സ്വാർട്ട്‌പിലൻ 401 എന്നിവയുടെ അരങ്ങേറ്റമാണ് ഇന്ത്യൻ ആരാധകൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും ശേഷി കുറഞ്ഞ 250 സിസി മോഡലുകളെയാണ് സ്വീഡിഷ് നിർമ്മാതാക്കളായ ഹസ്ഖ്‌വര്‍ണ അവതരിപ്പിച്ചത്. ഹസ്ഖ്‌വര്‍ണ ഇരട്ടകൾ ഒരു നിയോ-റെട്രോ ഡിസൈനാണ് വാഗ്ദാനം ചെയ്യുന്നത്.

Comments are closed.