കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് കോട്ടകള്‍ തകര്‍ത്ത് 15 സീറ്റുകളില്‍ 12 ഉം സ്വന്തമാക്കി ബി.ജെ.പി

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് കോട്ടകള്‍ തകര്‍ത്ത് 15 സീറ്റുകളില്‍ 12 ഉം സ്വന്തമാക്കി ബി.ജെ.പി. കോണ്‍ഗ്രസിന് 11 സിറ്റിംഗ് സീറ്റുകളില്‍ പത്തും നഷ്ടമായപ്പോള്‍ ജെ.ഡി.എസിന് സീറ്റൊന്നും നേടാനായില്ല. 17 കോണ്‍ഗ്രസ്, ദള്‍, കെ.പി.ജെ.പി എം.എല്‍.എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. സീറ്റുകളൊന്നും നേടാനായില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനവും, ദിനേഷ് ഗുണ്ടുറാവു പി.സി.സി അദ്ധ്യക്ഷ സ്ഥാനവും രാജിവച്ചു. എന്നാല്‍ ഇരുവരുടെയും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകള്‍ മാത്രമാണുള്ളത്. ബി.ജെ.പി എം.പി ബി.എന്‍. ബച്ചെ ഗൗഡയുടെ മകനായ ശരത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.

കര്‍ണാടകയിലേത് സുസ്ഥിര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. വിമതര്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബി.ജെ.പി കൈയടക്കിയ മണ്ഡലങ്ങള്‍ അത്താണി, കഗ്വാഡ്, ഗോഖക്, യെല്ലാപുര, ഹിരെക്കേരൂര്‍, റാണിബെന്നൂര്‍, വിജയനഗര്‍, ചിക്കബെല്ലാപുര, കെ.ആര്‍ പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, കൃഷ്ണരാജപേട്ട് എന്നിവയാണ്. 225 അംഗ സഭയില്‍ 113 ആണ് കേവല ഭൂരിപക്ഷ സംഖ്യ. 105 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ടായിരുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ നിലനിറുത്താന്‍ വേണ്ടിയിരുന്നത് ആറു സീറ്റാണ്. കിട്ടിയത് അതിലും ആറ് സീറ്റ് അധികമായിരുന്നു.

Comments are closed.