സുപ്രീംകോടതിയിെല ആദ്യ മലയാളിയായ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡല്‍ഹി : സുപ്രീംകോടതിയിെല ആദ്യ മലയാളിയായ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. വനിതകളുടെ അവകാശത്തിന് വേണ്ടിയും ലിംഗവിവേചനത്തിനെതിരെയും പോരാടിയ അഭിഭാഷകയാണ് ലില്ലി തോമസ് . നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ലില്ലി തോമസ് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് സംവിധാനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ ആദ്യ വ്യക്തിയാണ്.

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളാണെന്ന് കോടതി വിധിച്ച ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ കാലയളവില്‍ സ്ഥാനത്ത് തുടരാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അവകാശം നല്‍കിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നീക്കം ചെയ്തത് ലില്ലി തോമസിന്റെ ഹര്‍ജിയിന്മേലാണ്. കൂടാതെ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി ലില്ലി തോമസിന്റെ ഹര്‍ജിയിലായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് ഉപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അധികാര സ്ഥാനത്ത് തുടര്‍ന്നിരുന്നവരെ കസേരയില്‍ നിന്നിറക്കി അഴിക്കുള്ളില്ലാക്കാന്‍ കഴിഞ്ഞത് ലില്ലി തോമസിന്റെ ശ്രമഫലമായായിരുന്നു. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള വിധി ഉടന്‍ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് അവസാനമായി ലില്ലി തോമസ് കോടതിയില്‍ ഹാജരായത്.

കോട്ടയം സ്വദേശിയായ ലില്ലി തോമസ് തിരുവനന്തപുരത്താണ് വളര്‍ന്നത്, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1995ല്‍ മദ്രാസ് ഹൈക്കോടതിയില്‍ വക്കീലായി. ഇന്ത്യയില്‍ എല്‍എല്‍എം നേടുന്ന ആദ്യ വനിതയാണ് ലില്ലി തോമസ്. അറുപത് വര്‍ഷത്തിലധികമായി ദില്ലിയിലായിരുന്നു താമസം. അവിവാഹിതയായ ലില്ലി തോമസിന്റെ മൃതദേഹം ദില്ലിയില്‍ തന്നെ സംസ്‌കരിക്കുന്നതാണ്.

Comments are closed.